Monday, May 18, 2015

അവൾ അലീന..!

                        പെയ്തിറങ്ങുന്ന ഓരോ തുള്ളിയും താഴെവീണ് ചിതറുന്നതു  നോക്കി പരിസരം മറന്നു നിന്നു അവൾ, അലീന.! മനസ്സിലേക്ക് ബാല്യംവും , കൌമാരവും , യൌവ്വനവുമൊക്കെ ഒന്നൊന്നായ് കടന്നു വന്നു . തനിക്ക് ഒരുപാടു  മാറ്റങ്ങള്‍ വന്നത് തിരിച്ചറിഞ്ഞ് ഒരു നിമിഷം കണ്ണാടിയിലേക്ക് നോക്കി. മുഖമാകെ മെലിഞ്ഞു കറുത്തിരിക്കുന്നു . എന്താണ് എനിക്ക് സംഭവിച്ചത് ?  സ്വയം പരിതപിച്ചുകൊണ്ട് മനസ്സിന്റെ ഓരോ ഇടനാഴിയുംചികഞ്ഞു നോക്കി . ഇല്ല, അവിടം ശൂന്യമായിരിക്കുന്നു .ഓർക്കുവാനും  സമാധാനിക്കുവാനും നല്ല ഓര്‍മ്മകൾ ഒന്നും തെളിയുന്നില്ല.
                            മധുരതരമായ  മറ്റൊന്നും  കാണാത്തതു കൊണ്ടാവാം വര്‍ഷങ്ങള്‍ക്കു മുന്‍പ് കൈവിട്ടുപോയ  തന്റെ  പ്രണയം അവളുടെ മനസ്സിൽ തെളിഞ്ഞത്. കടിഞ്ഞാണില്ലാത്ത ഒരു യാഗാശ്വമാണ്‌ മനസ്സെന്ന് അപ്പോൾ അവൾ തിരിച്ചറിഞ്ഞു .   എന്തെന്നറിയുന്നതിനു മുന്നേ നഷ്ടപ്പെട്ടുപോയ പ്രണയമാണ് അവളുടേത് ! ചിലര്‍ക്ക് പ്രണയം വിജയവും മറ്റുചിലര്‍ക്ക് പരാജയവുമായിരിക്കും. പ്രണയം പരാജയമെങ്കിലും  ഇപ്പോഴും ഓര്‍മ്മയിൾ മായാതെ നില്‍ക്കുന്നതു കൊണ്ട് അവള്‍ മനസ്സിലാക്കുന്നു ഇത് യഥാർത്ഥ പ്രണയമെന്ന്. കളിചിരികളും , സന്തോഷവും നിറഞ്ഞ തന്റെ കുട്ടിക്കാലം . കലാകായിക രംഗത്ത് നിറഞ്ഞു നിന്ന അവളെ എല്ലാര്‍ക്കും ഇഷ്ടമായിരുന്നു . പാതിയിൽ ഉപേക്ഷിക്കേണ്ടിവന്ന വിദ്യാഭ്യാസം തീരാ നഷ്ടമായിരുന്നു അവൾക്ക് . വീട്ടുകാരുടെ ഇഷ്ട്ടങ്ങളെ എതിർക്കാതിരുന്ന അവളെ കളിചിരി മാറാത്ത പ്രായത്തിൽ കുടുംബജീവിതത്തിലേക്ക് തള്ളിയിട്ടപ്പോളും മറുത്തൊരു വാക്കും  പറയാതെ അനുസരിക്കുക മാത്രമാണവൾ ചെയ്തത്. വിവാഹജീവിതം വളരെ സന്തോഷ പൂര്‍ണ്ണമായിരുന്നു എന്ന് എല്ലാവരെയും ബോധ്യപ്പെടുത്തി സ്വയം എരിഞ്ഞു തീരുകയായിരുന്നു അവൾ.!  എന്തായാലും  നഷ്ടങ്ങൾ തനിക്ക് മാത്രമല്ലേ സംഭവിച്ചുള്ളൂ ! ഉള്ളില്‍ തട്ടിയ വിങ്ങല്‍ പുറത്തുവരാതെ കണ്ണുകൾ ഇറുക്കിയടച്ചു നിശ്ശബ്ദം തേങ്ങിയ അവളുടെ കണ്മുന്നില്‍ യാച്ചൂവിന്റെ മുഖം തെളിഞ്ഞു വന്നു . 
                                                     വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പ്രത്യേക സാഹചര്യത്തിൽ പരസ്പരം കണ്ടുമുട്ടാൻ ഇടയായ യാച്ചുവും അവന്റെ കിച്ചുവും . അലീന അവന്റെ കിച്ചു വായിരുന്നു . പരസ്പരം യാദൃച്ഛികമായി കണ്ടുമുട്ടിയ അവര്‍ ആദ്യം നിശ്ചലമായി നിന്നുവെങ്കിലും അടുത്ത നിമിഷം പരസ്പരം ഓടി അടുത്തെത്തി. നിമിഷങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും മിണ്ടാനാവാതെ പരസ്പരം മുഖത്തോടു മുഖം നോക്കി നിന്ന അവര്‍ക്ക് എന്തെന്നില്ലാത്ത സന്തോഷമാണോ അതോ സങ്കടമാണോ തോന്നിയതെന്ന്  മനസ്സിലാക്കാൻ പറ്റാതെ പോയ അവസ്ഥ ! ഏറെ നേരത്തെ മൌനത്തിനു ശേഷം സുഖാണോ നിനക്ക് എന്ന അവന്റെ ചോദ്യത്തിനു മുഖത്ത് പുഞ്ചിരി വരുത്തി ഒരു വിധം തല ചരിച്ചു മറുപടി കൊടുത്തു,  സുഖാണ് ! 
                                      കണ്ണുകള്‍ ഈറനണിയാതിരിക്കാൻ പാടുപെടുന്ന അവളെ നോക്കിയ അവന്റെ ഉള്ളവും തേങ്ങി. കാരണം പാതിവഴിക്ക് മനസ്സില്ലാ മനസ്സോടെ, വേദനയോടെ പിരിഞ്ഞു പോയവരാണ് രണ്ടാളും .  
 താല്‍പര്യമുണ്ടായിട്ടും  തുടർ പഠനം നിഷേധിക്കപ്പെട്ടവൾ . ധൂർത്തും ദുർനടത്തവുമായി കറങ്ങി നടക്കുന്ന ഭര്‍ത്താവിൽ നിന്നും തെല്ലുപോലും സ്നേഹം അവള്‍ക്കു കിട്ടിയിട്ടില്ല . എല്ലാ സ്ത്രീകളെയും പോലെ ഒരു പെണ്ണ്,  അതുമാത്രമായിരുന്നു അയാള്‍ക്ക്‌ അലീന . അവളാകട്ടെ,ഭര്‍ത്താവിന്റെ  സ്വകാര്യ കാര്യങ്ങൾ ഒന്നും അറിയാതെ അയാൾ പറയുന്നതനുസരിച്ച് നല്ലൊരു ഭാര്യയാവണമെന്ന ആഗ്രഹത്തിൽ കൂടെ നിന്നു . തുണിക്കടകളിൽ അണിയിച്ചൊരുക്കി നിര്‍ത്തുന്ന ബൊമ്മയെപ്പോലെ.!


                                                     ബൊമ്മയോട് അതിന്റെ ഇഷ്ടാനിഷ്ട്ടങ്ങൾ ആരും ചോദിക്കാറില്ല , എപ്പോഴും ചിരിച്ചുകൊണ്ട് മുന്നില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കണം, അതായിരുന്നു അവളുടേയും വിധി.   സ്വന്തം കുഞ്ഞായിരുന്നു അല്പമൊരാശ്വാസം. മിടുക്കനായ അവനെ മൂന്നു വയസ്സാകുന്നതിനു മുൻപുതന്നെ   സ്കൂളില്‍ ചേർത്തു. കുട്ടിയെ കൊണ്ടാക്കിയും തിരിച്ചുകൊണ്ടു വന്നും അവന്റെ കളിയിലും ചിരിയിലും  പങ്കുകൊള്ളാൻ അവൾ സമയം കണ്ടെത്തിയെങ്കിലും അവളുടെ മനസ്സ് എപ്പോളും അസ്വസ്ഥമായിരുന്നു . എവിടെക്കെങ്കിലും പോയാല്‍ ഒരുവാക്ക് പോലും പറയാതെ രണ്ടും മൂന്നും ദിവസം കഴിഞ്ഞു വരുന്ന ഭര്‍ത്താവിനെയും നോക്കി കാത്തിരിന്നിട്ടുണ്ട് പലപ്പോഴും . അപ്പോഴൊക്കെ  സ്വയം സമാധാനിക്കും എല്ലാ ഭർത്താക്കാന്മാരും ഇങ്ങനൊക്കെ ആവും.  കാരണം കൂടുതൽ പേരുടെ അനുഭവങ്ങളൊന്നും അവൾക്കറിയില്ലല്ലോ. ആരും ഒന്നും പറഞ്ഞു കൊടുക്കാനുമില്ല . ഭര്‍തൃഭവനത്തിൽ എല്ലാം അസൂയയുള്ള കൂട്ടങ്ങളും . അവരുടെ മുന്നിലും നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിലും പുറമേ സന്തോഷം കാണിച്ചു നടന്നതുകൊണ്ട്‌ ആര്‍ക്കും ഒന്നും മനസ്സിലാകാനും ഇടവന്നില്ല. അതുകൊണ്ടുതന്നെ വിഷമം പറഞ്ഞാൽ  ആരും വിശ്വസിക്കുകയുമില്ല അത്രയ്ക്ക് നല്ല ഇടപെടലാണ് അവളുടെ ഭര്‍ത്താവ്. മറ്റുള്ളവരുടെ മുന്നില്‍ വച്ച് തന്നോട് കാട്ടുന്ന സ്നേഹം കണ്ടാൽ മാതൃകാ ദമ്പതികള്‍!  മാത്രമല്ല സംസാരിച്ചു ആളെ കയ്യിലെടുക്കാൻ അയാൾമിടുക്കനാണ്. പറയുന്ന കാര്യങ്ങള്‍ അതുപടി എല്ലാവരും വിശ്വസിക്കുകയും ചെയ്യും . ഒരിക്കൽ ഭര്‍ത്താവ് പോകുന്ന കമ്പ്യൂട്ടർ സെന്ററിൽ തന്നെയും കൂടെ കൊണ്ടുപോകുമോ എന്ന് ചോദിച്ചപ്പോൾ  മറുത്തു ഒരു വാക്കുപോലും പറയാതെ  അവളെയും അവിടെ പഠിക്കാൻ അവസരം കൊടുത്തു. അതോടെ അയാളോട് അവൾക്കുള്ള സ്നേഹവും ബഹുമാനവും ഉയർന്നു.


                    കുഞ്ഞിനേയും സ്കൂളിൽ വിട്ട് , വീട്ടുജോലികള്‍ ഒതുക്കി അവളും കമ്പ്യൂട്ടർ ക്ലാസ്സിനു പോയി തുടങ്ങി. നല്ല കുറെ സുഹൃത്തുക്കളെ അവിടെ കിട്ടി. അലീനയുടെ ഭര്‍ത്താവിന്റെ കൂട്ടുകാരൻ യാസർ  എന്ന യാച്ചു ആണ്  ആ സ്ഥാപനത്തിന്റെ ഉടമ.  ആരോടും അധികം ഇടപെടാത്ത  പ്രകൃതം. ഇക്കാലത്ത് ഇങ്ങനെയും മനുഷ്യരുണ്ടോ എന്ന് കൂട്ടുകാർ പരസ്പരം പറയുമ്പോഴാണ് അവളും അവനെ ശ്രദ്ധിക്കുന്നത് . ഒതുക്കമുള്ള ശാന്ത സ്വരൂപനായ ഒരു പാവം മനുഷ്യന്‍ . ആരോടും അധികം സംസാരിക്കുന്നത് കണ്ടിട്ടില്ല . കൂട്ടുകാരന്റെ ഭാര്യ എന്ന പരിഗണനയില്‍ മാത്രമാവാം അവന്‍ അവളോട്‌ മാത്രം പഠിത്തകാര്യവും കുശലങ്ങളും ചെറിയവാക്കുകളിലെങ്കിലും സംസാരിച്ചത് . ഒരിക്കല്‍ ക്ലാസ്സിനു പോകാൻ വണ്ടികാത്ത്‌ നിന്ന അവളുടെ മുന്നിൽ അതുവഴി വന്ന യാസർ വണ്ടി നിര്‍ത്തി. ക്ലാസ്സിലേയ്ക്കെങ്കിൽ  കൂടെ പോന്നോളൂ എന്ന് ക്ഷണിച്ചു. 
ഒന്ന് മടിച്ചുവെങ്കിലും സമയം വൈകിയിരുന്നതു കൊണ്ടും, പരിചയമുള്ളതുകൊണ്ടും  കാറിന്റെ ബാക്ക് സീറ്റില്‍ കയറി ഒന്നര കിലോമീറ്ററിൽ കൂടുതൽ ദൂരമില്ലാത്ത സ്ഥാപനത്തിൽ പോയിറങ്ങിയത് തെറ്റാണെന്ന് അവള്‍ക്കു തോന്നിയില്ല .   

          വൈകിട്ട് പതിവ് പോലെ ക്ലാസ്സിലെ വിശേഷങ്ങളും , മറ്റു കാര്യങ്ങളും ഒക്കെ പറഞ്ഞ കൂട്ടത്തിൽ പോയത് യാച്ചുവിന്റെ വണ്ടിയിലാണെന്നും  ഭർത്താവിനോടു പറഞ്ഞു . വീട്ടില്‍ നിന്നും പോകുന്നത് മുതൽ വരുന്നത് വരെയുള്ള എല്ലാ വിവരങ്ങളും വിടാതെ പറയണമെന്ന്  നിർദ്ദേശമുള്ളതിനാൽ ഒന്നും വിട്ടുകളയാതെ പറയുക പതിവാണ് . എല്ലാം അന്വേഷിച്ചറിഞ്ഞതിനു ശേഷം ചിരിച്ചുകൊണ്ട്പതിയെ മുറിയില്‍ നിന്നും പുറത്തുപോയ അയാൾ രണ്ടു പുളി വടി ഒടിച്ചു . പിന്നെ  രണ്ടും കൂടി കൂട്ടി പിണഞ്ഞു മുകളിലും താഴെയും റബ്ബര്‍ ബാൻഡു ചുറ്റി നല്ല ഉറപ്പു വരുത്തി അവളെയും, കയറ്റി മുറിയുടെ വാതിലടച്ചു കുറ്റിയിട്ടു . പിന്നെ അയാൾ ആ വടി കൊണ്ട് പേപ്പട്ടിയെ തല്ലുന്നതുപോലെ അവളെ  തല്ലിച്ചതച്ചു . ഉറക്കെയൊന്നു നിലവിളിക്കാന്‍ പോലുമാകാത്ത വിധം  താക്കീതുനൽകി  ആ വടി ഒടിയും വരെ    പൊതിരെ തല്ലി. മുറിയുടെ മൂലയില്‍ ഇരുന്നു നിശ്ശബ്ദം കരയുന്ന അവളെ നോക്കി അവൻ പറഞ്ഞു. മേലിൽ ഇതാവർത്തിക്കരുത്  നീ ആരോടെങ്കിലും  മിണ്ടുന്നതോ ആരെങ്കിലും നിന്നെ നോക്കുന്നതോ പോലും എനിക്കിഷ്ടമല്ല . എനിക്ക് നിന്നോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാകാം ഞാൻ ഇങ്ങനെ ആയിപ്പോയത് . പുറത്ത് ആരും ഇതറിയാന്‍ പാടില്ല. തന്നെ ഇത്രയേറെ ഇഷ്ട്ടപ്പെടുന്നൊരാളിൽ നിന്നും ഇത്തരമൊരു പീഠനം അവൾക്കുൾക്കൊള്ളാനായില്ലെങ്കിലും. അതവൾ സഹിച്ചു. അയാളുടെ ഏറ്റു പറച്ചിലും സ്നേഹ പ്രകടനത്തിലും  അവൾ അലിയുകയായിരുന്നു. അടിയുടെ വേദന നന്നായുണ്ട് ശരീരം മുഴുവൻ പൊട്ടി തിണർത്തിരിക്കുന്നു എങ്കിലും തന്നെ ആത്മാര്‍ഥമായി സ്നേഹിക്കുന്ന ഭര്‍ത്താവിന്റെ വാക്കുകള്‍ക്കു മുന്നിൽ അവൾ എല്ലാം  മറന്നു . അവളുടെ നിഷ്കളങ്കമായ സ്നേഹവും സഹനവും കണ്ട് അയാളിലെ പിശാച് ചിരിക്കുന്നുണ്ടായിരുന്നിരിക്കാം.
                   അതോടെ ഇനി ക്ലാസ്സിനു പോകുന്നില്ലെന്നു അവൾ തീരുമാനിച്ചു . എന്തിനു പഠിക്കണം. ഭര്‍ത്താവിനെയും കുഞ്ഞിനേയും അവരുടെ വീട്ടുകാരെയും നോക്കി ഒതുങ്ങി വീട്ടിൽ കഴിഞ്ഞാൽ പോരെ . ഇനി പഠിച്ചിട്ടെന്തുട്ടു നേടാൻ . വീട്ടിൽ തന്നെ ഇരിക്കാൻ തീരുമാനിച്ച വിവരം മനസ്സിലാക്കിയ ഭര്‍ത്താവ് അവളെ നിര്‍ബന്ധപൂര്‍വ്വം  ക്ലാസ്സിൽ വിടാൻ തീരുമാനമെടുത്തു . മുഖവും ശരീരവും വീര്‍ത്തു തിണർത്തിരിക്കുന്നു. അടിയുടെ പാടുകൾ  ഉണ്ടായിട്ടും അയാൾ എന്തിനവളെ ക്ലാസ്സിൽ പറഞ്ഞു വിടുന്നുവെന്നു അവള്‍ക്കു മനസ്സിലായില്ല . മനസ്സിന്റെ വിഷമം ഒന്നു മാറി അല്‍പ്പനേരം സ്വസ്ഥമായി രണ്ടു ദിവസം കഴിഞ്ഞു പോകാമെന്ന് കരഞ്ഞു പറഞ്ഞിട്ടും കൂട്ടാക്കാതെ അവളെ നിര്‍ബന്ധിച്ചു  ക്ലാസ്സിനു കൊണ്ടുപോയി വിട്ടു അയാള്‍ . തലേന്ന് വരെ കണ്ട അലീനയെയല്ല അന്ന് കൂട്ടുകാര്‍ കണ്ടത് . എന്തുപറ്റി ഇവള്‍ക്ക് ?


         കൂട്ടുകാരോരോരുത്തരും വന്നു ചോദിച്ചിട്ടും ചിരിച്ചു കൊണ്ട് നില്‍ക്കാൻ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു അവൾ . ആ വേദന കലര്‍ന്ന ചിരി മനസ്സിലാക്കിയ കൂട്ടുകാർ കാര്യം അന്വേഷിച്ചു തുടങ്ങി . അപ്പോള്‍ അവിടേക്ക് കയറിവന്ന യാച്ചൂവും അവളെ ശ്രദ്ധിച്ചു . അവളുടെ നില്‍പ്പും ഒഴിഞ്ഞു മാറ്റവും കണ്ടപ്പോൾ അവനും എന്തോ സംശയം തോന്നി കാര്യം ചോദിച്ചു മനസ്സിലാക്കി . അറിഞ്ഞോ അറിയാതെയോ ഒരു തെറ്റും ചെയ്യാതെ താന്‍ കാരണം ഒരു പെണ്ണ് വേദനിക്കാന്‍ ഇടയായതിൽ അവനു വല്ലാത്ത വിഷമം തോന്നി . താൻ തെറ്റ് ചെയ്തിട്ടില്ലെങ്കിലും കാരണക്കാരനായെങ്കിൽ പൊറുക്കണമെന്ന് അപേക്ഷിച്ച് ആശ്വസിപ്പിച്ചു . ഒന്നു പൊട്ടിക്കരയണമെന്നു തോന്നിയത് കൊണ്ട് മിണ്ടാതെ അവൾ ക്ലാസ്സിൽ നിന്നും  വേഗം ഇറങ്ങിപ്പോന്നു . പിറ്റേന്ന്  ഭര്‍ത്താവ്  ഏറെനിര്‍ബന്ധിച്ചിട്ടും ഇനി അവിടെ പോകുന്നില്ലാ എന്ന വാശിയില്‍ തന്നെയായിരുന്നു അവൾ. 


           മാസങ്ങള്‍ കടന്നു പോയി . അവിടെ അവളോടൊപ്പം ഉണ്ടായിരുന്ന ഏറ്റവും അടുത്ത കൂട്ടുകാരിയുടെ വിവാഹത്തിനു ക്ഷണിച്ചു . പോകാന്‍ ആഗ്രഹം ഉണ്ടായിരുന്നിട്ടും പോകേണ്ടെന്നുതീരുമാനിച്ചു. പക്ഷേ ഭര്‍ത്താവ് ആ കല്യാണത്തിനു അവൾ പോയെതീരൂ എന്ന് എന്തിനാണ് വാശി പിടിച്ചതെന്ന് അവള്‍ക്കറിയില്ലായിരുന്നു. ഒടുവില്‍ ഭര്‍ത്താവിനൊപ്പമെങ്കിൽ പോകാം എന്നവൾ തീരുമാനിച്ചു . കല്യാണ ദിവസം വന്നെത്തി പുത്തൻ ഡ്രെസ്സൊക്കെ ഉടുത്തൊരുങ്ങി ഇറങ്ങിയ അലീനയോടു അവസാന നിമിഷം അയാള്‍ പറഞ്ഞു എനിക്ക് അത്യാവശ്യമായി ഒരു സ്ഥലത്ത് പോകണം . നീ കുഞ്ഞിനേയും കൊണ്ട് പൊക്കോളൂ ഒരു ഓട്ടോ അറേഞ്ച് ചെയ്തിട്ടുണ്ട് . ഓട്ടോക്കാരന്‍ എപ്പോൾ പോരാൻ പറയുന്നുവോ അപ്പോൾ തന്നെ ആ വണ്ടിയിൽ തിരിച്ചു വീടെത്തുകയും വേണം . കല്യാണമൊക്കെ കഴിഞ്ഞു സാവകാശം തിരിച്ചു വന്നാൽ മതി എന്നുകൂടി  പറഞ്ഞിട്ട് അയാൾവണ്ടിയുമെടുത്ത് സ്ഥലം വിട്ടു . പോകണോ വേണ്ടയോ എന്ന് ഒരു നിമിഷം ശങ്കിച്ചു നില്‍ക്കുന്ന അവസരത്തിൽ ഓട്ടോ വീട്ടുമുറ്റത്ത് എത്തുകയും ഭര്‍ത്താവിന്റെ മാതാപിതാക്കൾ പോയി വരാൻ പറയുകയും ചെയ്തതു കൊണ്ട് അവള്‍ക്കു പോകാതിരിക്കാനായില്ല . കുഞ്ഞിനെയുംകൊണ്ട്  കൂട്ടുകാരിക്കുള്ള സമ്മാനവുമായി മനസ്സില്ലാ മനസ്സോടെ അവൾ കല്യാണത്തിനു പോയി . 


                   താലികെട്ട് നടന്നുകൊണ്ടിരുന്നപ്പോള്‍ ഓട്ടോക്കാരൻ തിരികെ വന്നു. അയാള്‍ക്ക്‌  ഉടനെ പോകണമെന്ന് . ഇതൊന്നു കഴിഞ്ഞ് യാത്ര പറഞ്ഞു വരാം എന്ന്  അയാളെ  നിർത്തി യാത്ര ചോദിക്കാന്‍ പോയ അവളെ,  കൂട്ടുകാര്‍ എല്ലാവരും ചേര്‍ന്ന് തടഞ്ഞു . കല്യാണത്തിനു വന്നിട്ട് സദ്യ കഴിക്കാതെ കുഞ്ഞിനേയും കൊണ്ട് പോകുന്നത് മര്യാദയല്ലല്ലോ . ഓട്ടോക്കാരനു പോകാൻ തിടുക്കമെങ്കിൽ അയാള്‍ പോകട്ടെ ഞങ്ങൾ വീട്ടിലെത്തിക്കാം എന്ന് കൂട്ടുകാരുടെ നിർബന്ധം  . എല്ലാവരും ഒത്തുകൂടിയ നല്ലൊരു ദിവസമായിരുന്നു എന്നിരുന്നാലും അവള്‍ക്കു പോയെ മതിയാകുമായിരുന്നുള്ളൂ. പക്ഷേ ഒടുവിൽ കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു അവൾക്ക് . ആദ്യ പന്തിയില്‍ തന്നെ എല്ലാവരും ഒരുമിച്ചിരുന്നൂണു കഴിച്ചു.  പെണ്ണിനും ചെറുക്കനുമൊപ്പം നിന്ന് ഒ ഒരു ഫോട്ടോയും എടുത്ത് അവളെ വീട്ടിലെത്തിക്കാൻ കൂട്ടുകാർ തന്നെ  മുൻ കൈയ്യെടുത്തു. യാസറിന്റെ വണ്ടിയില്‍ കുറച്ചു കൂട്ടുകാര്‍ക്കൊപ്പം അലീനയും കുഞ്ഞും കയറേണ്ടിവന്നതും അങ്ങനെയാണ് . എന്തുകൊണ്ടോ കുറച്ചു നേരം അവിടുണ്ടായിട്ടും യാസറിനോട് ഒരക്ഷരം പോലും മിണ്ടാതെ മുഖത്തോടു മുഖം കാണുമ്പോള്‍ ചെറുതായി ഒരു പുഞ്ചിരി വരുത്തി മാറി നില്‍ക്കുകയായിരുന്നു അവൾ. മുറ്റത്തെത്തിച്ചു തിരിച്ചു പോകാൻ തുടങ്ങിയവരെ മാതാപിതാക്കള്‍ നിര്‍ബന്ധപൂര്‍വ്വം വീട്ടിലേയ്ക്കു  ക്ഷണിച്ചു. അൽപ്പമിരുന്ന് യാത്ര പറഞ്ഞു പുറപ്പെട്ട അവരുടെ കാർ വെളിയിൽ മറയുമ്പോഴേയ്ക്കും അവളുടെ ഭർത്താവു തിരിച്ചെത്തി. തിരുവന്തപുരത്ത് അത്യാവശ്യമായി പോയ ഭര്‍ത്താവ് ഒരു മണിക്കൂറിൽ തിരിച്ചെത്തിയത് കണ്ട് മിഴിച്ചു നിന്നു പോയി അവൾ. 
വളരെ സൗമ്യനായി അയാൾ കല്യാണ വിശേഷങ്ങൾ ആരാഞ്ഞു.
ഒന്നും  വിടാതെ എല്ലാ കാര്യങ്ങളും അവൾപറഞ്ഞു . പിന്നെ ഭര്‍ത്താവ് കൂടെ വരാഞ്ഞതിൽ പരിഭവവും കാട്ടി .  അയാള്‍ക്ക്‌ അതൊന്നുമല്ല അറിയേണ്ടത് എന്തുകൊണ്ട് നീ ഓട്ടോയിൽ തിരിച്ചു വീടെത്തിയില്ല ? 


               അവൾ വീണ്ടും ആ സാഹചര്യം വിശദീകരിച്ചു. അതൊന്നും അയാൾ ചെവിക്കൊണ്ടില്ല. ഒരേ ചോദ്യം മാത്രം തിരിച്ചും മറച്ചും ചോദിച്ചു അവളെ ശ്വാസം മുട്ടിച്ചുകൊണ്ടേയിരുന്നു അയാള്‍ . അറിയാതെങ്കിലും പറ്റിപ്പോയ തെറ്റിന് കാലിൽവീണ്ക്ഷമ ചോദിച്ചു അവൾ . അയാള്‍ അതൊന്നും ചെവിക്കൊണ്ടില്ല പുറത്തുപോയി പുളി വടി ഒടിച്ചു റബ്ബർബാൻഡ് കെട്ടി  മതിവരുവോളം അടിച്ചു. അയാളുടെ കൈ പൊട്ടുന്നത് വരെ തല്ലി ചതച്ചു . അപ്പോളൊന്നും അവളുടെ നെഞ്ച് പിടഞ്ഞില്ല പക്ഷെ അയാളുടെ വാക്കുകള്‍,  അതവള്‍ക്ക്‌ താങ്ങാവുന്നതിനും അപ്പുറമായിരുന്നു . 
എനിക്കറിയാമായിരുന്നെടീ ഇതൊക്കെ. ഓട്ടോക്കാരനെ ഞാൻ തന്നെ മനപ്പൂര്‍വ്വം തിരിച്ചു വിളിച്ചതാ . നീ നിന്റെ കാമുകനുമൊത്ത് കറങ്ങുന്നത് കാണാന്‍ വേണ്ടിത്തന്നെയാണ് ഞാൻ ഇതൊക്കെ ചെയ്തത്. ഞാന്‍ എവിടെയും പോയിരുന്നില്ല. നീ തനിച്ചു പോകാൻ വേണ്ടി വെറുതെ ഒരു നാടകം കളിച്ചു. പക്ഷെ എന്റെ പ്രേതീക്ഷ നീ തെറ്റിച്ചു . നീ വരുന്നതിനു മുന്നേ വീടെത്തി നിങ്ങളെ കയ്യോടെ പിടിക്കാമെന്നു കരുതിയിരുന്നു ഞാൻ,  അവിടെ നീ വിജയിച്ചു . നീ പെട്ടെന്ന് തിരിച്ചെത്തുക മാത്രമല്ല  കൂട്ടുകാരെ കൂടെ കൂട്ടുകയും ചെയ്തു . എന്റെ ആ പ്രതീക്ഷ മാത്രം തെറ്റി ബാക്കി ഒക്കെ ഞാന്‍ പ്ലാൻ ചെയ്തതുപോലെ തന്നെ നടന്നു .! അയാളോടവൾക്ക് വല്ലാത്ത പുശ്ചം തോന്നി. ഇത്രയും തരം താഴ്ന്ന ഒരുത്തനെയാണല്ലോ ദൈവമേ എനിക്ക് ഭര്‍ത്താവായി തന്നത് . അവള്‍ സ്വയം ശപിച്ചു ആരോടൊക്കെയോ ഉള്ള  പകയോ ദേഷ്യമോ സങ്കടമോ ഒക്കെ മാറി മാറി മനസ്സിലൂടെ കടന്നുപോയി . ശരീരത്തില്‍ അടികൊണ്ടു പൊട്ടാത്ത ഒരിടം പോലുമില്ലെന്നവൾ മനസ്സിലാക്കി. ശരീരത്തെക്കാൾ  മുറിവ് മനസ്സിനായിരുന്നു. അദൃശ്യമായ  ചരടുവലിച്ച്  തന്നെക്കളിപ്പിക്കുന്ന  വിദഗ്ധനായ ഒരു പാവകളിക്കാരനാണയാൾ എന്ന അറിവ് അവളെ വല്ലാതെ തളർത്തി.. 
 
                    നിര്‍ഭാഗ്യവശാൽ എങ്ങിനെയോ ഇതൊക്കെ യാച്ചുവിന്റെ ചെവിയിലുമെത്തി . താന്‍ കാരണം അവള്‍ വീണ്ടും ക്രൂശിക്കപ്പെട്ടത്തിൽ അവന്റെ മനസ്സ് വല്ലാതെ വേദനിച്ചു . അവളോട്‌ അതിയായ ഒരിഷ്ടം അവനറിയാതെ ആ ഹൃദയത്തില്‍ ഉടലെടുത്തു . ഒരാരാധന  എന്നു പറയാം . ഒന്ന് തലോടി ആശ്വസിപ്പിക്കാന്‍ ആ മനസ്സ് കൊതിച്ചു . പക്ഷെ അവളെ ഒന്ന് കാണാൻ പോലും അവനു സാധിക്കുമായിരുന്നില്ല . കുറെ ദിവസങ്ങള്‍ക്കു ശേഷം കുഞ്ഞിനെ സ്കൂളിൽ കൊണ്ടാക്കി തിരിച്ചു വരുന്ന അവളെ വഴിയില്‍ കണ്ട അവൻ പെട്ടന്നു  വണ്ടി നിര്‍ത്തി വിവരം അന്വേഷിച്ചു . ഭര്‍ത്താവിനു തന്നോടുള്ള ഇഷ്ടകൂടുതൽ കൊണ്ടാണങ്ങനെ അന്ന് സംഭവിച്ചു പോയതെന്നും പറഞ്ഞു അവള്‍ അവന്റെ മുന്നിൽ നിന്നും ഒഴിഞ്ഞു മാറിയെങ്കിലും അവന്‍ അതംഗീകരിക്കാൻ തയ്യാറായില്ല . എന്തോ ഉള്ളില്‍ വന്നു തടഞ്ഞപോലെ തോന്നി അവൾക്ക് . ആരോടും തോന്നാത്ത ഒരു ഇഷ്ടമാണോ അതോ സ്നേഹമാണോ അതോ ആരോടൊക്കെയോ ഉള്ള വാശിയോ പകയോ എന്തോ അവളുടെ ഉള്ളിലും ഒരു പിടച്ചില്‍ അനുഭവപ്പെടുന്നപോലെ തോന്നി . അവന്റെ കണ്ണുകളിൽ   വല്ലാത്ത ഒരു  തിളക്കം അവൾ കണ്ടു , ഇതുവരെ കിട്ടാതിരുന്ന ഒരു സ്നേഹം , ആത്മാര്‍ഥത ,സംരക്ഷണം ഒക്കെ കിട്ടുന്നപോലെ ഒരു തോന്നൽ . കണ്ണുകളാണ്  സ്നേഹത്തിന്റെ കഥ ആദ്യം പറയുന്നത് എന്നത് എത്രയോ ശരിയാണെന്ന് അവള്‍ക്കു മനസ്സിലായി . കാണുമ്പോൾ പരസ്പരം മിണ്ടാതെ മാറി നടക്കാൻ തുടങ്ങിയെങ്കിലും മുഖത്തോടു മുഖം നേരിട്ട്  കാണുന്ന അവസരങ്ങളിൽ കണ്ണുകള്‍ കൊണ്ടവര്‍ സംസാരിക്കും  ചെറിയ പുഞ്ചിരി യോടെ ഒഴിഞ്ഞു മാറി ആ സൗഹൃദം മനസ്സില്‍ സൂക്ഷിച്ചു . രണ്ടുപേരുടെയും മൌനത്തിൽ നിറയുന്നത്  കൊടും വേദനയുടെ തനി നിറമായിരുന്നു , മനസ്സിന്റെ നൊമ്പരമായിരുന്നു അവരുടെ സ്നേഹമെന്നത് രണ്ടുപേരും മനസ്സിലാക്കി . 


            അവന്റെ ജീവിതത്തില്‍ ആദ്യമായ് കടന്നുവന്ന പെണ്ണ്  അവളായിരുന്നു അലീന . പരസ്പരം ഒന്നും തുറന്നു പറയാതെ ആരെയും അറിയിക്കാതെ ഉള്ളിന്റെ ഉള്ളിൽ  രണ്ടുപേരും ആ സ്നേഹം അടക്കിവച്ചു . ഒരു പക്ഷെ ഇങ്ങനെയൊരു അവസ്ഥയില്‍ നിന്നും മാറി ചിന്തിക്കാൻ വേണ്ടിയാവാം  യാച്ചു ഒരു നീണ്ട യാത്രക്ക് തയ്യാറെടുത്തത് . അതിനുമുൻപ് ആദ്യമായി അവര്‍ കുറേനേരം സംസാരിച്ചു . ഉള്ളുതുറന്നു ചിരിക്കുന്ന അവളെ കണ്ണിമവെട്ടാതെ നോക്കി നിന്ന അവൻ അവളോട്‌ യാത്ര പോകാനുള്ള തീരുമാനം പറഞ്ഞു . പോകുന്നതിനു  മുൻപ് നിന്നെയൊന്നു കാണണമെന്നും ഒരു കാര്യം  അറിയിക്കണമെന്നും തോന്നി. അതാണ്‌ അത്യാവശ്യമായി ഒന്നു കാണണമെന്ന് പറഞ്ഞത് എന്നും.  കാതുകൾ കൂർപ്പിച്ച് ആകാംഷയോടെ അലീന അവന്റെ  തിളങ്ങുന്ന കണ്ണുകളിലേക്കു നോക്കി !
തന്നെ ഇമവെട്ടാതെ നോക്കി നില്‍ക്കുന്ന അവളോട്‌ പറയാൻ  വാക്കുകൾ കിട്ടാതെ  അവൻ അങ്ങനെ തന്നെ നിന്നുപോയി.! 


                   ജീവിതത്തില്‍  ഇതുവരെ താൻ കേള്‍ക്കാത്ത, ഏറെ കൊതിച്ച വാക്കുകളാകും അത് എന്നവള്‍ക്കു നന്നായറിയാം . പക്ഷേ നമ്മുടെ സന്തോഷവും ആഗ്രഹങ്ങളും മാത്രം നോക്കിയാൽ നമ്മുടെ കുടുംബം, ചുറ്റുപാടുകള്‍ , ബന്ധുക്കള്‍ , നാട്ടുകാര്‍ എല്ലാം ഒരു നിമിഷം അവരുടെ മനസ്സിലേക്ക് ഓടിയെത്തിയപ്പോള്‍ ഇനി ഒരിക്കല്‍പ്പോലും ജീവിതത്തിൽ കണ്ടുമുട്ടാൻ ഇടവരരുത് എന്ന തീരുമാനത്തില്‍ അവർ എത്തിച്ചേരുകയായിരുന്നു . ഇത് നമ്മുടെ അവസാനത്ത കൂടിക്കാഴ്ചയാവണം . സമൂഹത്തില്‍ നിലയും വിലയുമുള്ള രണ്ടു കുടുംബങ്ങളാണ് നമ്മുടേത്‌ .നമ്മള്‍ കാരണം നമ്മുടെ വീട്ടുകാർ ഒരിക്കലും അപഹാസ്യരാകാൻപാടില്ല .  നമ്മള്‍ നമ്മുടെ കാര്യം മാത്രം ചിന്തിച്ചാല്‍ നമുക്ക് ചുറ്റുമുള്ള നമ്മുടെ ഉറ്റവരുടെ അവസ്ഥ എന്താകും.?  അങ്ങനെ അവരുടെ ചിന്ത മറ്റൊരു തലത്തിലേയ്ക്കു തിരിഞ്ഞതുകൊണ്ടാവാം, രണ്ടുപേരും രണ്ടു വഴിക്ക് പിരിഞ്ഞത് . വിങ്ങുന്ന മനസ്സുമായി പിരിഞ്ഞുവെങ്കിലും ഉള്ളിന്റെയുള്ളില്‍ ഒരുപക്ഷെ അവരാ ഇഷ്ടം സൂക്ഷിച്ചിരുന്നിട്ടുണ്ടാവാം . ഭര്‍ത്താവിന്റെ പീഡനങ്ങൾ സഹിക്കാനാവാത, ആരുമൊരാശ്രയമില്ലാതെ  ഒരു അടിമയെപ്പോലെ ജീവിക്കുന്ന അവസരത്തില്‍ അവൾ മിക്കവാറും ദിവസങ്ങളില്‍ അവനെ ഓര്‍ക്കാറുള്ളതും അതുകൊണ്ടാവാം . ഒരേ നാട്ടില്‍ ജീവിച്ചിട്ടും  പരസ്പരം കാണാനോ സംസാരിക്കാനോ തയ്യാറാകാതിരുന്നത് കുടുംബ ബന്ധങ്ങളുടെ ഭദ്രതയോർത്തുമാത്രമാണ്.
അവൾ പോലുമറിയാതെ  അവളുടെ മുന്നില്‍ പെടാതെ അവളെ നിത്യേനയെന്നോണം  കാണാറുണ്ടായിരുന്നുവെന്ന് വര്‍ഷങ്ങൾക്കു ശേഷം തമ്മിൽ കണ്ടപ്പോൾ  അവൻ പറഞ്ഞാണ് അവളറിയുന്നത് .   അവളുടെ ദു:ഖത്തില്‍ മനസ്സറിഞ്ഞു  വേദനിച്ച് ഒന്നാശ്വസിപ്പിക്കാൻ പോലുമാകാതെ അവള്‍ക്കു വേണ്ടി മനം നൊന്തു പ്രാർത്ഥിച്ചും  അവളോടുള്ള ഇഷ്ടം  അവൻ എന്നും മനസ്സിൽ സൂക്ഷിച്ചു . കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം പതിയെ എല്ലാം  മറന്ന്  അവൻ  ഒരു കുടുംബജീവിതത്തിലേക്ക് കടന്നു . 

                   ഇത്തരമൊരു കാര്യം  സംഭവിക്കാൻ ആര് കാരണമായോ അയാള്‍ അതറിയുകതന്നെ വേണമെന്ന് അവൾ ഒരു വേള ചിന്തിച്ചു. വേറെ ആരോടും ഒന്നും പറയാനില്ല. ചെയ്തത് തെറ്റോ ശരിയോ എന്നും അറിയില്ല മനസ്സ് വിങ്ങുകയാണ് . ഒടുവിൽ  അവള്‍ ഭര്‍ത്താവിനോട്  നടന്നതെല്ലാം തുറന്നു പറഞ്ഞു . താന്‍ കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നു നന്നായി അറിയാവുന്നത് കൊണ്ട് അയാൾ അവളെ ആശ്വസിപ്പിച്ചു . അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലാ എന്നുതന്നെ കരുതണം. ചെറുപ്പവും  സൌന്ദര്യവുമുള്ള നിന്റെ മനസ്സിൽ മറ്റാരും കടന്നു വരാൻ പാടില്ലാ എന്ന് കരുതി ഞാൻ പലതും ചെയ്തുപോയതാണ് എല്ലാത്തിനും കൂട്ടുകാരുടെ പിന്തുണകൂടിയായപ്പോൾ അങ്ങിനെയൊക്കെ സംഭവിച്ചുപോയി. സംഭവിച്ചത് എന്തു തന്നെ ആയാലും  അത് ഞാനും നീയും തിരുത്തണം എന്നാലെ കുടുംബജീവിതം നന്നായി മുന്നോട്ടു പോകൂ . നിന്നെ  നഷ്ടപെടുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല എനിക്ക് . ഞാന്‍ എന്ത് ചെയ്തിട്ടുണ്ടെങ്കിലും  അതെല്ലാം നിന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടു മാത്രമാണ് . അയാളുടെ അഭിനയവും ഏറ്റുപറച്ചിലും കണ്ട് വീണ്ടും അവളുടെ മനസ്സലിഞ്ഞു. സംഭവിച്ചത് ഒക്കെ മറന്നു ഭര്‍ത്താവിന്റെയും അവരുടെ വീട്ടുകാരുടെയും കുഞ്ഞിന്റെയും കാര്യം മാത്രം നോക്കി വീട്ടിൽ തന്നെ കഴിഞ്ഞു കൂടിയ അവളോട്‌ പക്ഷേ അയാൾ നീതികാണിച്ചില്ല. സ്വന്തം കാര്യലാഭത്തിനു വേണ്ടി കഴിഞ്ഞകാര്യങ്ങൾ പറഞ്ഞ് കുറ്റപ്പെടുത്തി അവളെ ക്രൂശിച്ചുകൊണ്ടേ യിരുന്നു .  ജീവിതം തീര്‍ത്തും നരകതുല്യമായിത്തീര്‍ന്നു അവൾക്ക് . ആരോടും ഒന്നും തുറന്നു പറയാന്‍ പോലും പറ്റാത്ത അവസ്ഥ . നിവൃത്തിയില്ലാതെ പല തവണ ആത്മഹത്യക്ക് വരെ ശ്രമിച്ചു . പക്ഷെ അവിടെയും അവൾക്ക് വിജയിക്കാനായില്ല. 
                   ****                                       ****                                   ****
                      കിച്ചൂ ...! അവന്റെ വിളി കേട്ട നിമിഷം അവൾ ഓർമ്മകളിൽ നിന്നുണർന്നു. 
വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുകയാണ് .  കിച്ചൂ..!നിന്നെയൊന്നു നേരിൽ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു എനിക്ക് . പക്ഷെ ഞാൻ കാരണം നിനക്ക്  ഒരു ബുദ്ധിമുട്ടും ഉണ്ടാകാൻ പാടില്ലാ എന്ന കാരണത്താൽ  നിന്റെ കണ്മുന്നിൽനിന്നും
ഒഴിഞ്ഞു മാറി നടക്കുകയായിരുന്നു . സന്തോഷമായിരിക്കു.. നിനക്ക് നല്ലൊരു നാൾ വരും.. എന്നുപറഞ്ഞ് ആശ്വസിപ്പിച്ചു . തന്റെ കുടുംബത്തെ കുറിച്ച് വായ് തോരാതെ പറഞ്ഞു അവൻ . അവന്റെ സന്തോഷം അത് അങ്ങനെ തന്നെ നില നിര്‍ത്തി കൊടുക്കേണമേ എന്ന് ദൈവത്തോട് ഉള്ളു തുറന്നു പ്രാര്‍ഥിച്ചു അവൾ . അന്നവര്‍ പിരിഞ്ഞു . വീണ്ടും മാസങ്ങള്‍ക്ക് ശേഷം മകനു വേണ്ടി  ഒരത്യാവശ്യകാര്യം നിറവേറ്റാൻ ഓടി നടന്ന അവളെ  അവൻ കാണാനിടയായി . ആ ആവശ്യം നിറവേറ്റാൻ യാദൃച്ഛികമായെങ്കിലും അവൻ കാരണക്കാരനായി . ആ സാഹചര്യത്തിൽ  ദൈവം അവനെ മുന്നില്‍ കൊണ്ടുവന്നതായി അവള്‍ക്ക് തോന്നി . പഴയ കാര്യങ്ങള്‍ രണ്ടുപേരുടെയും മനസ്സിൽ ഉണ്ടെങ്കിലും അവരത് പൂര്‍ണമായും മറന്നപോലെ തന്നെ ഇടപെട്ടു . നല്ല ഒരു സുഹൃത്ത് എന്ന നിലയിൽ മാത്രമേ രണ്ടാളും കരുതിയുള്ളൂ . 


             പക്ഷേ  ഇതിനിടയിൽ അലീനയെ ഉപേക്ഷിച്ചു വേറെ ഒരു സ്ത്രീയോടൊപ്പം താമസമാക്കിയ  അവളുടെ ഭര്‍ത്താവ് അലീനയുടെ ഓരോ നീക്കങ്ങളും ശ്രദ്ധിച്ചുകൊണ്ടേ ഇരുന്നു . അവളിലെ തെറ്റു കുറ്റങ്ങൾ കണ്ടു പിടിക്കാൻ  തക്കം നോക്കി നടന്ന കൗശലക്കാരനായ അയാൾ , അവരുടെ ആ നല്ല സൌഹൃദം  തെറ്റായി മെനഞ്ഞെടുത്ത് യാച്ചുവിന്റെ ഭാര്യയെ അറിയിച്ചു .  വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടിയ അവർക്കു ചുറ്റും അപ്പോഴും അവരുടെ ചുറ്റുപാടുകളും , ബന്ധുക്കളും , സമൂഹവും ഒക്കെ വിലങ്ങുകള്‍ തീർത്ത് ആർത്തട്ടഹസിച്ചു . പ്രകൃതി പോലും നിശ്ശബ്ദമായി നിന്നു തേങ്ങുന്നു . എല്ലാവരുടെയും മനസ്സമാധാനത്തിന് വേണ്ടി സ്നേഹം മാത്രം മനസ്സിൽ സൂക്ഷിച്ച യാച്ചുവും അലീനയും അങ്ങിനെ വീണ്ടും പിരിഞ്ഞു . ഇനിയും ജീവിതത്തില്‍ അവർ കണ്ടുമുട്ടുമോ എന്ന് ദൈവത്തിന് മാത്രമറിയാം. സ്നേഹം തുളുമ്പുന്ന മനസ്സുമായി, സ്നേഹിക്കപ്പെടാൻ വിധിയില്ലാത്ത പാവമൊരു ഹൃദയവും പേറി ജീവിതമെന്ന വലിയ യാധാർത്ഥ്യത്തിനു മുന്നിൽ ആരോടും പരിഭവിക്കാതെ, ആരോടും ഒന്നും പറയാനാകാതെ, ഈ തകർത്തുപെയ്യുന്ന മഴയിലും അലിഞ്ഞു ചേരാത്ത  ദു:ഖങ്ങളും വ്യഥകളും ചിന്തകളുമായി മനസ്സുരുകി നില്‍ക്കുകയാണിപ്പോഴും  അവൾ, അലീന..!
                                                                                                                       *

Thursday, September 25, 2014

കിനാവ് പോലെ...

രാധ രണ്ടു പെണ്മക്കളുടെ അമ്മയാണ് . പെണ്മക്കള്‍ വളര്‍ന്നാൽ അമ്മമാരുടെ മനസ്സില്‍ തീയാണെന്നത് മിക്കവാറും കുട്ടികൾ ശ്രദ്ധിക്കാറില്ല. അവര്‍ക്ക് അവരുടെ സന്തോഷമാണ് വലുത്. മാതാപിതാക്കള്‍ എന്ത് സങ്കടം അനുഭവിച്ചാലും തനിക്കെന്ത് എന്നു കരുതുന്ന ന്യൂ ജനറേഷൻ കുട്ടികളും ഉണ്ട് . വീട്ടിലെ കഷ്ടപ്പാടും ഭര്‍ത്താവിന്റെ ഉപദ്രവവും ഒക്കെ സഹിച്ചു കഷ്ടപ്പെട്ടാണ്‌ അവർ മക്കളെ വളര്‍ത്തി വലുതാക്കിയത്. മൂത്ത മകള്‍ മീനാക്ഷി  കൈവിട്ടു പോയപ്പോള്‍ ആ മാതൃഹൃദയം എന്തുമാത്രം തേങ്ങിക്കാണും. അതെ രാധയുടെ മൂത്തമകള്‍ മീനാക്ഷി ഒരു ഉത്തരേന്ത്യൻ പയ്യന്റെ കൂടെ ഇരു ചെവിയറിയാതെ നാടുവിട്ടു . ഒരു പ്രമുഖ സര്‍ക്കസ് കമ്പനിയിൽ റിംഗ് മാസ്റ്ററായിരുന്നു അവൻ. ആരെന്നോ എന്തെന്നോ ആര്‍ക്കും അറിയില്ല വെറും ഒരാഴ്ചത്തെ പരിചയം . ഭാഷപോലും അവള്‍ക്ക് വശമില്ല . പിന്നെങ്ങിനെ ഇതൊക്കെ സംഭവിച്ചു ?
അവന്‍ അവളെ സംരക്ഷിക്കുമോ?
അതോ അവളെ ചതിയിൽപ്പെടുത്തുമോ ? ഇന്ന് മാധ്യമങ്ങളിലെല്ലാം നിറയെക്കാണുന്നത് ഇത്തരം വാർത്തകളാണല്ലോ. പൊന്നുപോലെ വളര്‍ത്തിയ തന്റെ മകൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ആ അമ്മയ്ക്കു നിശ്ചയമില്ല!
കൂടെയുള്ളവർ കുറ്റപ്പെടുത്താനും കളിയാക്കാനും മാത്രം. ഒരാശ്വാസവാക്കെങ്കിലും പറയാൻ ആരുമില്ലാതെ അവർ ആകെ മനമുരുകി. ഭാര്യക്കും മക്കള്‍ക്കും ചിലവിനു കൊടുക്കാൻ വരുമാനമുള്ള ജോലി ഉണ്ടായിട്ടും സ്വന്തം കാര്യത്തിനു പോലും പണം തികയാതെ വന്ന ഭര്‍ത്താവാണ് രാധയ്ക്കുള്ളത്, വിട്ടകന്ന മകളുടെദുർവിധിയും, ഇളയമകളുടെ ഭാവിയും അവരെ വല്ലാതെ വിഷമിപ്പിച്ചു. ആ അവസ്ഥയിലാണ് അവർ പാര്‍ടൈം ജോലിക്ക് സറീനയുടെ വീട്ടിലെത്തുന്നത്. അവളെ അവർ സ്വന്തംമകളെപ്പോലെ കണ്ടു സ്നേഹിച്ചു . അവരുടെ വിഷമങ്ങളും പ്രയാസങ്ങളും എല്ലാ ബുദ്ധിമുട്ടുകളും ഇറക്കി വയ്ക്കാൻ  
സര്‍വ്വസ്വാതന്ത്രവും സറീന നല്‍കി . അവരെ മനസ്സ് നിറഞ്ഞു ആശ്വസിപ്പിച്ചിരുന്നു അവൾ. തിരക്കിനിടയിലെ ചില നേരങ്ങളില്‍ അവളും ഒന്നു മനസ്സുതുറക്കുന്നത്  അവരോടായിരുന്നു. അത് അവൾക്ക് വലിയൊരാശ്വാസവുമായിരുന്നു.
                                           സറീനയുടെ കൈവേദനയ്ക്കു ചികിൽസതേടി ഭർത്താവും അവളും ഒരായുർവേദ ആശുപത്രിയിൽ പോയിരുന്നു. കയ്യൊന്നു  തടവി ശരിയാക്കുന്നതിന് കാത്തിരിക്കുമ്പോൾ എന്തോ 
കാരണം പറഞ്ഞ് ഭർത്താവ് വീട്ടിലേയ്ക്കു പോയി.  ഒരു മണിക്കൂറിനുള്ളിൽ തിരികെവരികയും ചെയ്തു. തിരിച്ചു വീടെത്തിയപ്പോള്‍ ജോലി കഴിഞ്ഞു അവരേയും കാത്ത് റോഡിൽ രാധ നില്‍ക്കുന്നുണ്ടായിരുന്നു. ഭക്ഷണം പോലും കഴിക്കാതെ അന്ന് സ്ഥലം വിട്ട അവരെ നോക്കി വിഷമിച്ചു നിന്നപ്പോള്‍ സമയം വൈകിയതു കൊണ്ടാവും എന്നു പറഞ്ഞു ഭര്‍ത്താവ് ആശ്വസിപ്പിച്ചു .പിറ്റേന്ന്  പതിവുപോലെ അതിരാവിലെ വന്ന അവർ ഒരു ജോലിയും ചെയ്യാതെ സറീന അടുക്കളയില്‍ വരുന്നതും നോക്കി നിന്നു. അവളെത്തുമ്പോള്‍ തറയിലിരുന്നു കരയുന്ന രാധയെയാണ് കണ്ടത്.  അവളെ കണ്ടയുടന്‍ അവരെഴുന്നേറ്റു അവളുടെ കൈ രണ്ടും ചേര്‍ത്തുപിടിച്ചു ഉറക്കെ പൊട്ടി ക്കരഞ്ഞു . അവളുടെ ചോദ്യങ്ങൾക്കൊന്നും 
ഉത്തരമില്ല അവരുടെ ഭർത്താവ് ഉപദ്രവിച്ചതാവാം,പക്ഷേ ആ വീട്ടിൽ ജോലിയ്ക്കുവരുന്നതിലൊന്നും അയാൾക്കെതിർപ്പുള്ളതായറിയില്ല . 
പിന്നെന്തായിരിക്കാം..! ഇനി അയാൾക്കെന്തെങ്കിലും അപകടം.
അതോ ഇനി മക്കൾക്കായിരിക്കുമോ..
                
               അവള്‍ക്കാകെ പരിഭ്രമമായി. എല്ലാ കാര്യങ്ങളും തന്നോട് തുറന്നുപറയാറുള്ള അവരുടെ പതിവില്ലാതെയുള്ള പ്രകടനം അവളെ അൽഭുതപ്പെടുത്തി. കരഞ്ഞു കുഴഞ്ഞിരുന്ന അവരെ പൊക്കി എണീപ്പിച്ചു കസേരയിൽ ഇരുത്തി. നിർബന്ധിച്ചു ചായ കുടിപ്പിച്ചു. അൽപ്പമൊരാശ്വാസം കണ്ടപ്പോൾ അവൾ വീണ്ടും കാര്യങ്ങളന്വേഷിച്ചു . വളരെ വിഷമത്തോടെ അവർപറഞ്ഞതുകേട്ട് അവൾഞെട്ടിത്തരിച്ചുപോയി! താന്‍ ജീവനുതുല്യം സ്നേഹിക്കുന്ന തന്റെ ഭര്‍ത്താവ് അവരോടു മോശമായി പെരുമാറിയത്രേ!.
ഇല്ല ഇതൊരിക്കലും വിശ്വസിക്കാനാവില്ല!       
അനാരോഗ്യവും അവശതയുമൊക്കെ അലട്ടിയിരുന്ന ആ പാവം സ്ത്രീയോട് അദ്ദേഹമതുചെയ്യുമെന്നു സ്വപ്നത്തിൽപ്പോലും കരുതാനാവില്ല!
പക്ഷേ, ഇവരെന്തിനാണ് തന്നോടു കള്ളം പറയുന്നത്. നിങ്ങൾക്കിതെങ്ങിനെ എന്നോട് പറയാൻ മനസ്സ് വന്നു. സമൂഹത്തില്‍ അറിയപ്പെടുന്ന, നിലയും വിലയുമുള്ള, ആ മനുഷ്യനെക്കുറിച്ച് ഇത്തരമൊരു നുണപറയാൻ ആരാണ് നിങ്ങളെ ചട്ടം കെട്ടിയത്?. അവള്‍ ഒരു സിംഹത്തെപ്പോലെ ഗർജിക്കുകയായിരുന്നു. എങ്കിലും വളരെ ശാന്തമായി തന്നെ ആ സ്ത്രീ തുടര്‍ന്നു. കുഞ്ഞ് എന്തുവേണമെങ്കിലും എന്നെ പറഞ്ഞോളൂ, കേള്‍ക്കാൻ ഞാൻ ഒരുക്കമാണ്. ഇന്നലെ ഇവിടെ നിന്നും പോയ ആ നിമിഷം മുതല്‍ ഈ സമയം വരെ നന്നായി ആലോചിച്ചിട്ട്‌ തന്നെയാണ് ഞാന്‍ കുഞ്ഞിന്റെ മുന്നിൽ ഇപ്പോൾ നില്‍ക്കുന്നത് . ഇത് ഇപ്പോൾ ഞാൻ പറഞ്ഞില്ല എങ്കിൽ കുഞ്ഞിനോടു കാണിക്കുന്ന വലിയൊരു ചതിയായിരിക്കും. ഭര്‍ത്താവിനെ ഇനിയെങ്കിലും കണ്ണടച്ചു വിശ്വസിക്കാതിരിക്കുക. ചതിയനാണയാള്‍ ! കുഞ്ഞിന്റെ മനസ്സ് തുറന്ന നിഷ്കളങ്ക സ്നേഹത്തിന് അര്‍ഹതയില്ലാത്തവനാണ് കുഞ്ഞിന്റെ ഭര്‍ത്താവ് . ഇനിയെങ്കിലും അതൊന്നു മനസ്സിലാക്കണം അതുകൊണ്ടുതന്നെയാണ് ഞാൻ ഈ കാര്യം തുറന്നുപറയാന്‍ തീരുമാനിച്ചതു തന്നെ. എന്നെ എന്തു വേണമെങ്കിലും പറയാം. ഒക്കെ ഞാന്‍ കേള്‍ക്കുകയും ചെയ്യും എന്നാലും കുഞ്ഞ് ഇതറിഞ്ഞിരിക്കണം. ഇല്ലെങ്കിൽ നാളെ ഒരു സമയം ഞാന്‍ കുറ്റവാളിയാകേണ്ടിവരും!
                                   
       ഒരായിരം മുള്ളാണികള്‍ ഒന്നിച്ചു ശരീരത്തിൽ തറഞ്ഞു കയറുന്ന വേദന , മനസ്സ് തകർന്നുപോയിരുന്നു. അവള്‍ പോലുമറിയാതെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു . ഒന്ന് ചലിക്കുവാന്‍ പോലുമാകാതെ അങ്ങനെ നിന്ന അവളെ ഭര്‍ത്താവ് എണീറ്റ്‌ വന്നു വിളിച്ചുകൊണ്ടുപോയി വണ്ടിയില്‍ ഇരുത്തി, വണ്ടിയോടിച്ചു കുറെ ദൂരം പോയി .  വിജനമായ ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തിയിട്ടും ഒന്നുമുരിയാടാതെയിരിക്കുന്ന സറീനയോട് അയാൾ പറഞ്ഞു
ആ സ്ത്രീ എന്ത് പറഞ്ഞു എന്ന് ഞാന്‍ കേട്ടില്ല പക്ഷെ നിന്റെ നിൽപ്പും ഭാവവും 
ഒക്കെ കണ്ടപ്പോള്‍ കാര്യം എനിക്കൂഹിക്കാവുന്നതേയുള്ളൂ. ഇത്രയും കാലം നീ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്. അവൾ കണ്ണുതുടച്ചുകൊണ്ട് അയാളെ നോക്കി.
എന്താണത് എന്നവൾ ചോദിച്ചില്ല എങ്കിലും  അടക്കിയ സ്വരത്തിൽ അയാൾ പറഞ്ഞു.
സറീന..എനിക്കൊരു രോഗമുണ്ട്‌. നിന്നെ അറിയിക്കാതെ ഇതുവരെകൊണ്ടുനടന്ന ഒരു പ്രത്യേകതരം രോഗം..!
അവൾ നടുങ്ങി.
ഇന്നലെ നടന്നതൊക്കെ ആ രോഗത്തിനടിമപ്പെട്ടതുകൊണ്ടാണത്രേ..! ഭര്‍ത്താവിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകൾ.
ആ സ്ത്രീ പറഞ്ഞതത്രയും കളവായിരുന്നു എന്നു കേള്‍ക്കാൻ കൊതിച്ച അവളോട്‌ അയാള്‍ നേരിട്ട് നടത്തിയ കുമ്പസാരം അവള്‍ക്കു താങ്ങാന്‍ പറ്റുന്നതിനുമപ്പുറമായിരുന്നു.
അന്യ സ്ത്രീകളോട് മോശമായി പെരുമാറുന്ന രോഗമോ !
അവള്‍ ആദ്യമായി കേള്‍ക്കുകയാണിങ്ങനെയൊന്ന്!
വീണ്ടും അയാള്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു . ചികിൽസിച്ചിരുന്നെന്നോ, ധ്യാനത്തിനു പോയിരുന്നെന്നോ ..അങ്ങനെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒന്നും അവൾക്കുമനസ്സിലാകുമായിരുന്നില്ല ചെവിയിൽ അപരിചിതമായൊരു ശബ്ദമങ്ങനെ വന്നുപതിച്ചുകൊണ്ടിരുന്നു!
ഒടുവിൽ അവളുടെ കയ്യിൽ കുറെ പണം കൊടുത്തുകൊണ്ട് അയാൾ പറഞ്ഞു. നീ തന്നെ ഇതവര്‍ക്ക് കൊടുത്തേക്കു. പുറത്താരും അറിയരുതെന്ന് പ്രത്യേകം പറയുക. മാത്രമല്ല നിന്റെ മനസ്സില്‍ നിന്നും എല്ലാം ഇതോടെ കളയുകയും വേണം.!
ആ നോട്ടുകളും അയാളുടെ വാക്കുകളും അവളിൽ വിഭ്രാന്തിയുണ്ടാക്കി. പാതി  മരിച്ച ഹൃദയത്തിലേയ്ക്ക് ചുട്ടുപഴുത്ത കുന്തമുന കുത്തിയിറക്കുകയായിരുന്നു അയാൾ!
ജീവച്ഛവമായി അയാളെ അനുഗമിച്ചു ഒരുവിധത്തിൽ വീടെത്തി. അയാളാകട്ടെ ഒന്നും സംഭവിക്കാത്തവണ്ണം പതിവുപോലെ കുളിച്ചു, കഴിച്ചു പിന്നെ സ്ഥലം വിട്ടു. ആ വലിയ വീട്ടില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നും ഇരുന്നും കിടന്നും  ചിന്തിച്ചു ചിന്തിച്ചു ഭ്രാന്തുപിടിക്കുന്ന അവസ്ഥയിലായി അവള്‍.
                                           രാത്രി പതിവിലും വൈകിയാണ് അയാൾ അന്ന് വീട്ടിലെത്തിയത്.  നീ ഇതുവരെ ഉറങ്ങിയില്ലേ എന്ന ചടങ്ങുമാത്രം നടത്തി  കഴിക്കാന്‍ പോലും നില്‍ക്കാതെ കിടന്നുറങ്ങുകയും ചെയ്തു . ഇരുട്ടിലേക്ക് കണ്ണ് തുറന്നുപിടിച്ചു കുത്തിയിരുന്നു നേരം വെളുപ്പിച്ചു അവൾ.!
              ഏതാനും ദിവസങ്ങൾക്കപ്പുറം രാധ പറഞ്ഞകാര്യങ്ങളെല്ലാം അവർതന്നെ മാറ്റിപ്പറഞ്ഞു.അങ്ങിനൊന്നു നടന്നിട്ടില്ലത്രേ! ആ മൊഴിമാറ്റം അവൾക്കൊട്ടും ആശ്വാസമേകിയില്ല. മറിച്ച് ഉള്ളിലെ അഗ്നി വീണ്ടും ആളിക്കത്തുകയാണു ചെയ്തത്. ആ മൊഴിമാറ്റം സത്യമെങ്കിൽ അന്നവർ എന്തിനാണു നുണപറഞ്ഞത്. അതു നുണയെങ്കിൽ, ഭർത്താവ് എന്തിനാണു ചെയ്തെന്ന് ഏറ്റുപറഞ്ഞത്..?എന്തിനാണയാൾ ഇല്ലാത്തൊരു രോഗം പറഞ്ഞ് തന്നെ വിശ്വസിപ്പിച്ചത്..! എന്തിനാണു പണംതന്ന്  തന്നോട് അവരെ ഒതുക്കാൻ പറഞ്ഞത്? ഒരായിരം ചോദ്യശരങ്ങൾ ഹൃദയത്തിലാഴ്ന്നിറങ്ങുമ്പോഴും കരയാനാവാതെ മരവിച്ചമനസ്സുമായി ഓരോ ചോദ്യങ്ങൾക്കും ഉത്തരം തേടുകയാണവൾ,  അന്നും ഇന്നും!


Monday, July 28, 2014

"കരയാനറിയാത്ത പെണ്ണ്"


രു കൂട്ടുകുടുംബത്തിലാണ് സറീന വലതുകാൽ വച്ചു കയറിയത് . അച്ഛൻ അമ്മ സഹോദരങ്ങള്‍ മറ്റു ബന്ധുക്കൾ എല്ലാവരുമുണ്ടെങ്കിലും അവിടെ ആര്‍ക്കും ആരോടും ഒരു മമതയുമില്ലായിരുന്നു . കുട്ടിത്തംമാറാത്ത അവൾക്ക് അവിടെയും ഏതാനും കുട്ടികളെ കൂട്ടുകാരായി കിട്ടി . ജോലികളൊക്കെ പെട്ടെന്ന് തീര്‍ത്ത് കൂട്ടുകാരോടൊപ്പം വീട്ടുമുറ്റത്ത് ക്രിക്കറ്റ് കളിക്കുമ്പോൾആരെങ്കിലും വഴക്ക് പറഞ്ഞ്  ഓടിച്ചാല്‍  കാണാതെ പാത്തും പതുങ്ങിയും റോഡില്‍ പോയി കളിതുടരുമായിരുന്നു! . ഷട്ടില്‍ കളിയും സൈക്കിള്‍ ചവിട്ടുമാണ് അവളുടെ പ്രധാന ഹോബികൾ. എത്രയൊക്കെ ശ്രമിച്ചിട്ടും നേരെ ചൊവ്വേ സൈക്കിള്‍ ചവിട്ടാൻ അവൾക്കറിയില്ല . ഒരിക്കൽ ഒരു വീട്ടിന്റെ പടവുകളിൽ കൂടി  സൈക്കിള്‍ അതി സാഹസികമായി  ജമ്പ് ചെയ്തിറക്കിയ ചരിത്രവുമുണ്ടവള്‍ക്ക് . വളവില്‍ ബ്രേക്ക് കിട്ടാതെ പോയതാണെന്ന് അല്‍പ്പനേരത്തിനു ശേഷമാണ് മറ്റുള്ളവരെപ്പോലെ അവൾക്കും ബോധ്യമായത് . ഈവിധംകൂട്ടുകാരോടൊപ്പം കളിയുംചിരിയുമായി നടക്കുമ്പോഴും ആമനസ്സിലെ വേദന ആരുമറിഞ്ഞിരുന്നില്ല!
                                        ചില ഭര്‍ത്താക്കന്മാർ നേര്‍പാതിയെ മറ്റുള്ളവരുടെ മുന്നിൽ വാനോളം പുകഴ്ത്തും . തനിക്ക് ഭാര്യയോട് ഏറെഇഷ്ടമാണെന്ന് ഭാവിച്ച് മറ്റുള്ളവരുടെ മുന്നിൽ നന്നായി അഭിനയിക്കും. തന്റെ പോരായ്മകൾ മറ്റുള്ളവരിൽനിന്നും മറക്കാൻ വേണ്ടിയാണവരങ്ങിനെചെയ്യുന്നതെന്ന് അധികമാർക്കും മനസ്സിലാവില്ല . ജീവനാണ്എന്റെയെല്ലാമാണ് ഇവളില്ലാത്ത ജീവിതം കരിഞ്ഞുണങ്ങിയ അരയാലുപോലാണ്.. ആനയാണ് ചേനയാണ് ചക്കയാണ് മാങ്ങയാണ് എന്നിങ്ങനെ അഭിനയിച്ച്മിടുക്കരായ അവര്‍ അവളുടെയും ബന്ധുക്കളുടെയും സ്നേഹം പിടിച്ചുപറ്റുന്ന കാപട്യം നിറഞ്ഞ വഞ്ചകരാണെന്നത്  അധികമാരും അറിയാതെപോകുന്നു. ഈ ലോകത്തേക്കുറിച്ചോ ജീവിതത്തേക്കുറിച്ചോ അറിയാത്തൊരു  പെണ്ണാണ് അയാള്‍ക്കു കിട്ടിയതെങ്കിൽ,തീർച്ചയായും ഒരു കാലത്തും കരകയറാനാവാത്തവിധം അവൾ ആഴക്കയത്തിൽപ്പെട്ടുപോകും. അങ്ങനെ അകപ്പെട്ടുപോയവരിൽ ഒരാളാണ് എന്റെ സറീന .                                                                          നഷ്ടപ്പെട്ടതൊന്നും നമുക്കുള്ളതല്ല എന്ന് എപ്പോഴും പറയുന്ന അവള്‍ക്കു നഷ്ടപെട്ടത് അവളുടെ ജീവിതം തന്നെയാണ്. ഭര്‍ത്താവിന്റെ സ്വാര്‍ത്ഥലാഭത്തിനും താല്‍ക്കാലിക സുഖത്തിനും വേണ്ടി അയാൾ നഷ്ടപ്പെടുത്തിയത് അവളുടെ ജീവിതമായിരുന്നു .എല്ലാ വൃത്തികേടുകള്‍ക്കും മറയായി അവളെ മുന്നിൽ നിര്‍ത്തി വളരെ വിദഗ്ധമായി അഴിഞ്ഞാടിയ അയാള്‍ക്ക്‌ വേണ്ടിയിരുന്നത് അവളേക്കാളുപരി അവളുടെ സ്വത്തുക്കൾ മാത്രമായിരുന്നു പൊന്മുട്ടയിടുന്ന ഒരു താറാവായിരുന്നു അയാൾക്കവൾ! നിരന്തരം പണത്തിനുവേണ്ടി അച്ഛനമ്മമാരുടെ അടുത്തേയ്ക്കു പറഞ്ഞയയ്ക്കുന്ന ഭർത്താവ്!മകള്‍ വിഷമിക്കാനിടവരരുത് എന്നുകരുതി സഹായിച്ചുകൊണ്ടിരുന്ന മാതാപിതാക്കൾ. ഒന്നും പുറത്തു പറയാനാകാതെ അവള്‍. പറഞ്ഞാല്‍ തന്നെ ആരും വിശ്വസിക്കുകയുമില്ല മറ്റുള്ളവരുടെ മുന്നില്‍ അഭിനയമികവുകൊണ്ട് അവാര്‍ഡുകൾ വാങ്ങികൂട്ടുന്ന മനുഷ്യനായിരുന്നു ആ ഭര്‍ത്താവ്.!
ജീവിതം തന്നെ മടുത്തുപോയ അവൾ പല തവണ ആത്മഹത്യയെക്കുറിച്ചു കൂടിചിന്തിച്ച നിമിഷങ്ങളുണ്ടായിട്ടുണ്ട്.
                                 ഭര്‍ത്താവിന്റെ പിതാവ് അവളെ അടുക്കളയിൽ നിന്നുംഅരങ്ങത്തേക്ക് കൊണ്ടുവരുവാൻ തീരുമാനമെടുത്തു .  മരുമകളുടെ പണം വാങ്ങിയിട്ടും  അവൾക്കൊന്നും കൊടുക്കാന്‍ സാധിക്കാഞ്ഞതിലുള്ള കുറ്റബോധം കൊണ്ടോ സ്വന്തം മകനിലുള്ള വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടോ  എന്തോ അദ്ദേഹം കടയുടെ വാടക ചീട്ടും ലൈസന്‍സും അവളുടെ പേര്‍ക്ക് എഴുതിവച്ചു . അങ്ങനെ അവളെ ടൗണിൽത്തന്നെ വലിയ ഒരു കടയുടെ ഉടമയാക്കി.   ആ പിതാവിന്റെ നീണ്ട നിർബന്ധത്തിനു വഴങ്ങി  അവൾ ഒരു ബിസ്സിനസ് കാരിയായി മാറി . മകന്റെ കയ്യിലൂടെ ആ സമ്പത്ത് ഇല്ലാതായേക്കാമെന്നുംഅവളുടെ കയ്യിൽ ആ സ്ഥാപനം ഭദ്രമായിരിക്കും എന്നും തിരിച്ചറിഞ്ഞാവണം ആ പിതാവ് അങ്ങനെ ഒരു തീരുമാനമെടുത്തത് .
ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ നിന്നുവന്ന സറീന യാദൃശ്ചികമായി അങ്ങനെ ഒരു ബിസിനസുകാരിയായി മാറി . സ്വന്തം വീട്ടിലെ ചില എതിര്‍പ്പുകൾ അവൾ കണക്കിലെടുത്തില്ല . അവളുടെ മാതാപിതാക്കള്‍ സഹോദരങ്ങള്‍ ബന്ധുക്കള്‍ അങ്ങനെ പലരുടേയും വാക്കുകളെ ധിക്കരിച്ച്  ബിസിനസ്സ് രംഗത്തേയ്ക്ക്  ഇറങ്ങാൻ അവൾ തയ്യാറായെങ്കില്‍ അതിനു കാരണം അവളുടെ ജീവിത സാഹചര്യം തന്നെയായിരുന്നു .
                             ളിച്ചും പഠിച്ചും നടന്നിരുന്ന അവളെ എങ്ങിനെ കുടുംബജീവിതത്തിലേയ്ക്ക് വലിച്ചിഴച്ചോ അതിലും വേഗത്തിൽ അടുക്കളയില്‍ നിന്നും അവൾ ബിസിനസ്സ് രംഗത്തേക്ക് പറിച്ചു നടപ്പെട്ടു . തന്റെ ഉത്തരവാദിത്വം വളരെ ഭംഗിയായി,ആത്മാര്‍ഥമായി തന്നെ ചെയ്തു കൊണ്ട് ആ സ്ഥാപനം നല്ല രീതിയില്‍ തന്നെ ഒരു ബുദ്ധിമുട്ടുമില്ലാതെ മുന്നോട്ടു കൊണ്ടുപോകാന്‍ അവൾക്കു കഴിഞ്ഞു . പക്ഷെ  ഭര്‍ത്താവിന്റെ ദുർനടപ്പുകളൊന്നുമറിയാതിരുന്ന അവളെ അയാൾ നന്നായി മുതലെടുത്തു. സ്വാതന്ത്ര്യത്തോടെ ഒന്നും ചെയ്യാൻ അവള്‍ക്ക് അവകാശമില്ലായിരുന്നു അയാൾപറയുന്ന പോലെ അനുസരിച്ച് കൊണ്ടുവരുന്ന എല്ലാ ഡോക്യു മെന്റുകളിലുംചെക്കുകളിലും എന്താണെന്ന് പോലും ചോദിക്കാന്‍ സാവകാശമില്ലാതെ ഒപ്പിട്ടു കൊടുക്കുക എന്നതായിരുന്നു അവളുടെ പ്രധാന ജോലി. കൃത്രിമരേഖകൾ ചമച്ചും കള്ള ഒപ്പുകളിട്ടും ബാങ്കിൽനിന്നു വൻ തുകകൾവരെ അവളുടെപേരിലയാൾ കൈയ്ക്കലാക്കി. എന്തെങ്കിലും ചോദിച്ചുപോയാൽ പരിസരം മറന്ന് ഉപദ്രവിക്കും . പട്ടിയെ തല്ലുന്നപോലെ തല്ലിയിട്ടും അവള്‍ പ്രതികരിക്കാതിരുന്നത്കുടുംബം മാതാപിതാക്കൾ പുറത്ത് അറിഞ്ഞാലുണ്ടാകുന്ന നാണക്കേട് അങ്ങനെ പലതും ഓർത്തുമാത്രമാണ്. എല്ലാം ഉള്ളിലൊതുക്കാനുള്ള കഴിവ്  ദൈവം കൊടുത്തിട്ടുള്ളതു കൊണ്ടാവാം ഒരുവിധം സഹിച്ചു ജീവിതം മുന്നോട്ടു പോയത് . എന്തൊക്കെ വേദനകളുള്ളിലുണ്ടെങ്കിലും ചിരിച്ചമുഖവുമായി മാത്രമേ പുറംലോകം അവളെ കണ്ടിട്ടുള്ളു. അതുകൊണ്ട്തന്നെ ആരും ഒന്നും അറിഞ്ഞില്ല. താങ്ങായും തണലായും കൂടെനിൽക്കേണ്ടവനിൽ ദുഷ്ചിന്തകളും സ്വാർത്ഥതയും നാൾക്കുനാൾ കൂടിവന്നു. രക്ഷപ്പെടാനാവാത്തവണ്ണം ആകുരുക്ക് അവളിൽ വല്ലാതെ മുറുകിയത്  ആ പാവം പെണ്ണ് അറിഞ്ഞിരുന്നില്ല..!

                                                                                                *

Tuesday, March 11, 2014

'അവൾ സറീന'

റീനയെ  അത്ഭുതത്തോടെയും  ആദരവോടെയും കൂടി മാത്രമേ  ഞങ്ങൾ സഹപാഠികള്‍ കണ്ടിട്ടുള്ളൂ . എപ്പോളും   ചുറുചുറുക്കോടെയും, പ്രസരിപ്പോടുംകൂടിയിരിക്കുന്ന അവളെ ഞങ്ങൾക്കു മാത്രമല്ല  ടീച്ചേഴ്സിനും വളരെ ഇഷ്ടമായിരുന്നു .ഒരു നാൾ പെട്ടെന്ന്  ഒരു മുന്നറിയിപ്പുമില്ലാതെ  സ്കൂളിൽ വരാതായപ്പോൾ തിരക്കി ഞങ്ങള്‍ അവളുടെ വീട്ടില്‍ പോയി . തന്റെ പ്രിയസ്നേഹിതരെ കണ്ട അവൾ അരികിലെത്തി ഞങ്ങളെ ചേർത്തണച്ചു സന്തോഷം പങ്കുവച്ചു.  
 എന്തുപറ്റി സറീന, എന്തേ നീ ക്ലാസിൽ വരാത്തെ..?” എന്ന ചോദ്യത്തിന്   ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി.
ഞെട്ടിത്തരിച്ച് പരസ്പരം  നോക്കി നില്‍ക്കാനേ   ഞങ്ങൾക്കപ്പോൾ കഴിഞ്ഞുള്ളു.
മുഖം പൊത്തിക്കരയുന്ന  അവളെ ഒരുവിധം ആശ്വസിപ്പിച്ച്  കാര്യങ്ങൾ ആരാഞ്ഞു
 എന്താ എന്തുപറ്റി നിനക്ക്?’
ഏറെ നേരത്തെ നിർബന്ധത്തിനു വഴങ്ങി  മടിച്ചു മടിച്ച്  അവൾ കാര്യം അവതരിപ്പിച്ചു.
 അത്..അത്.. എന്റെ നിക്കാഹ് ഉറപ്പിച്ചു..രാജീ..!
കേട്ടത് വിശ്വസിക്കാനാവാതെ  ഞങ്ങൾ പരസ്പരം നോക്കി..
 നീയെന്താ ഈ പറയുന്നെ, സത്യമാണോയിത്..”!
 അതെ  സത്യമാ ണ്  -”   

ദൂരെയുള്ള   ഏതോ ഒരു ബന്ധുവിന്റെ മകനാണു  വരനെന്നു അവൾ വിവരിച്ചെങ്കില്ലും ഞങ്ങൾക്കതിലൊന്നും വലിയ താല്പര്യം തോന്നിയില്ല.  ഉറ്റ സ്നേഹിതയെ പിരിയേണ്ടി വരുന്നതിലെ   വേദനയായിരുന്നു മനസ്സു നിറയെ. വിവാഹത്തെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്തിട്ടില്ലാത്ത അവളെ ഇത്ര ചെറുതിലേ വിവാഹം കഴിച്ചു വിടുന്നു എന്ന് എത്ര ആലോചിച്ചിട്ടും ഞങ്ങള്‍ക്ക് മനസ്സിലായില്ല . സാമ്പത്തികമായി ഉയര്‍ന്ന നിലയിലായതിനാല്‍ ജോലിചെയ്തു വരുമാനം ഉണ്ടാക്കേണ്ട കാര്യം ഇല്ലെന്നാണത്രേ അവളുടെ വീട്ടുകാര്‍ ചിന്തിച്ചത് ! വല്ലാത്തൊരു നടുക്കമാണ് ഈ വാർത്ത ഞങ്ങളിലുളവാക്കിയത്.
          
              വിവാഹദിവസം ആഭരണങ്ങളില്‍ പൊതിഞ്ഞു കല്യാണമണ്ഡപത്തില്‍ നില്‍ക്കുന്ന പ്രിയപ്പെട്ടവളെ കണ്ണിമ വെട്ടാതെ ഞങ്ങൾ നോക്കിനിന്നു. അന്നു യാത്ര പറഞ്ഞു പിരിഞ്ഞു പോയ അവളെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് കണ്ടുമുട്ടിയത്‌. ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു മുഹൂർത്തമായിരുന്നു അത്.!  
            
         കുടുംബ മഹിമയും, പാരമ്പര്യവിധിയും,അനാവശ്യധാരണകളുമൊക്കെയൊത്തു
ചേർന്നപ്പോൾഒന്നുമറിയാത്ത ചെറുപ്രായത്തിൽ അവൾ മണവാട്ടിയായി. മുതിർന്നവരുടെ എതിർവായില്ലാത്ത കർക്കശ തീരുമാനത്തിനു മുന്നിൽ കീഴടങ്ങിയ അവൾ ഒരുതരത്തിൽ ബലിയാടാവുകയായിരുന്നു..! സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ ഒരു പെണ്ണ്ജോലിചെയ്തു വരുമാനമുണ്ടാക്കേണ്ടതില്ലാ എന്ന ഒറ്റക്കാരണം കൊണ്ട് തുടർവിദ്യാഭ്യാസം നിരസിക്കപ്പെട്ടവൾ..! അവൾ എന്റെ മുന്നിൽ വിതുമ്പി..! പ്രിയ മാതാപിതാക്കളേ, സഹോദരങ്ങളേ..വരുമാനത്തിനുള്ള വഴിമാത്രമാണോ വിദ്യാഭ്യാസം..?വിളങ്ങി വിരാജിക്കുമെന്നു നിങ്ങൾ സ്വപ്നംകണ്ട്അവൾക്കു സമ്മാനിച്ച ജീവിതം ഈ വിധം കടപുഴകിയത് അവളുടെ തെറ്റോ..?ഒരു പെണ്ണെന്ന കാരണത്താൽ അത് നിഷേധിക്കുകവഴി നിങ്ങളവൾക്കു സമ്മാനിച്ചത് ഒരു കൽത്തുറങ്കുതന്നെയോ..!
                                                                
                  പറയാന്‍ ഒരുപാടൊരുപാട് കാര്യങ്ങള്‍ , പുറമേ ചിരിതൂകി നടക്കുന്ന ആ പാവത്തിന്റെ മനസ്സില്‍ അഗ്നിയാണ് എരിയുന്നതെന്ന് അറിയില്ലായിരുന്നു എനിക്ക്.എനിക്കെന്നല്ല ആര്‍ക്കും അറിയില്ല . അവള്‍ ആരെയും അറിയിക്കില്ലായിരുന്നു അതാണ്‌ സത്യം . അദൃശ്യമായി ഒരു ചരടുകൊണ്ടു തന്റെ നീക്കങ്ങളെ നിയന്ത്രിക്കുന്ന വിദഗ്ധനായ ഒരു പാവകളിക്കാരനെപ്പോലെയായിരുന്നു അവളുടെ ഭര്‍ത്താവ് . ഭര്‍തൃ ഭവനത്തില്‍ ആഡംബരപൂണ്ണമായ ആ വലിയ വീട്ടില്‍ ആത്മാവ് നഷ്ട്ടപ്പെട്ടു അലഞ്ഞു നടന്നു അവള്‍ . സ്നേഹിക്കപ്പെടുക , മനസ്സിലാക്കപ്പെടുക , അംഗീകരിക്കപ്പെട്ക,   എന്നതൊക്കെ അവൾക്കു തീർത്തും അന്യമായ്ത്തന്നെ നിന്നു . ഭര്‍ത്താവിന്റെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഇടകൊടുക്കാതെ, ഒരു പുല്‍ക്കൊടിക്ക് മുകളില്‍ വലിയ ഒരു അരയാലിനെപ്പോലെ പടർന്നു പന്തലിച്ചു നിന്നു അദ്ദേഹം . പണ്ട് ഞങ്ങളുടെ മുന്നില്‍ നിന്നു വിതുമ്പിയ സറീനയുടെ മുഖം വീണ്ടും എന്റെ ഓര്‍മ്മയിലേക്ക് വന്നു . 

എന്താണിവൾക്കു സംഭവിച്ചത് ? 
ഇവളേപ്പോലെ ഒരു പാവം പെണ്ണിന് ഒരിക്കലും ഇങ്ങനെ സംഭവിക്കാന്‍ പാടുള്ളതല്ല. 
എന്താണ് സംഭവിച്ചത് 
ആരാണ് ഇതിന്നുത്തരവാതികള്‍ ?
                          
         സ്വന്തം വിധിയെ മാത്രം പഴിച്ചു കൊണ്ട് അവള്‍ പറഞ്ഞ ഓരോവാക്കുകളും എന്റെ ഹൃദയത്തില്‍ വല്ലാതെ തട്ടി . വലിയ തുണിക്കടകളിൽ അണിയിച്ചൊരുക്കി നിര്‍ത്തുന്ന ബൊമ്മയെപ്പോലെയായിരുന്നു അവൾ . ആ ബൊമ്മയോട് അതിന്റെ ഇഷ്ടങ്ങള്‍ ആരും ചോദിക്കാറില്ല , എപ്പോളും ചിരിച്ചുകൊണ്ട് മുന്നില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കണം അതായിരുന്നു അവള്‍ക്കും വിധിക്കപ്പെട്ടത് . അവള്‍ പറഞ്ഞവയിൽ എന്റെ മനസ്സില്‍ തട്ടിയ ചെറിയ ഒരു കാര്യം നിങ്ങളുമായി പങ്കു വക്കുകയാണ് .
                                            
              അവധിക്കാലം ആഘോഷിക്കാന്‍ ഒരു തിരുവോണത്തിനു അവളുടെ സഹോദരനെയും കൂട്ടി കുടുംബവുമൊത്ത് ഒരു യാത്ര പുറപ്പെട്ടു . മൂന്നാർ ലക്ഷ്യമിട്ട അവര്‍ എറണാകുളം എത്തിയപ്പോള്‍ ഭര്‍ത്താവിന്റെ സഹോദരിയുടെ വീട്ടിലും കയറി . ഭര്‍ത്താവിനെ സംശയ ദൃഷ്ടിയോടു കൂടി മാത്രം നോക്കി കണ്ട സഹോദരിയെയാണ് സറീനക്കു കാണാന്‍ സാധിച്ചത് . സറീനയുടെ ഭര്‍ത്താവിന്റെ അതെ സ്വഭാവമുള്ള ആ സഹോദരിയെ കണ്ട് അന്തിച്ചു പോയി.  ആരോടും കൂടുതല്‍ മിണ്ടാനോ ഒന്ന് മനസ്സറിഞ്ഞു സന്തോഷിക്കാനോ ആ പാവം മനുഷ്യനെ അവര്‍ അനുവദിച്ചിരുന്നില്ലാ . ഇത്തരം സ്ത്രീകളും ഉണ്ടാകുമോ എന്നവള്‍ ചിന്തിച്ച് പോയി . ഭര്‍ത്താവിന്റെ വൃത്തികേടുകള്‍ക്ക് പ്രതികരിക്കാനാകാതെ നിശബ്ദം സഹിച്ചു ചിരിച്ചുകൊണ്ട് നടക്കുന്ന സറീനക്ക്, അതുപോലെ ഭാര്യയുടെ പീധനം എറ്റ് കുടുംബം നിലനില്‍ക്കാന്‍ വേണ്ടി എല്ലാം സഹിച്ചു കഴിയുന്ന ആ  ഭര്‍ത്താവിനോട് വളരെ  ആദരവും ബഹുമാനവും തോന്നി .  
                
                അളിയന്മാരും , സഹോദരിയും തമ്മില്‍ സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല . സഹോദരിയുടെ നിര്‍ദ്ദേശപ്രകാരം അവര്‍ക്ക് അന്നവിടെ തങ്ങേണ്ടി വന്നു . തിരുവായ്ക്ക് എതിർവായില്ല. ഭര്‍ത്താവ് എന്ത് പറഞ്ഞാലും അക്ഷരം പ്രതി അനുസരിക്കാനേ അവള്‍ക്കറിയുള്ളൂതെറ്റോ ശരിയോ എന്തുതന്നെ ആയാലും അത് തിരിച്ചറിയാനോ , മറിച്ചു ചിന്തിക്കാനോ  ഇടകൊടുക്കാത്ത ഭര്‍ത്താവാണ് അവളുടെതെന്നു പറഞ്ഞിരുന്നല്ലോ . പിന്നെയും കുറേനേരം സംസാരിച്ചിരുന്ന അവരുടെ അടുക്കല്‍ നിന്നും ഉറങ്ങാൻപോയ സറീന വെളുപ്പിനെ സഹോദരിയുടെ വിളികേട്ടാണ് ഉണരുന്നത് .

എന്തെ ഇതേവരെ നിങ്ങള്‍ റെഡി ആയില്ലേ ?
യാത്രക്കൊരുങ്ങി  വന്നു തന്റെ മുന്നില്‍ നില്‍ക്കുന്ന സഹോദരിയെ കണ്ടപ്പോള്‍ മാത്രമാണ് സറീന
അറിയുന്നത് സഹോദരിയും കുടുംബവും അവരോടൊപ്പം  പോരുന്നു എന്ന് . പെട്ടെന്ന് എല്ലാരും റെഡിയായി . അവരുടെ വണ്ടിയിലായിരുന്നു പിന്നീട് യാത്ര പുറപ്പെട്ടത്‌ ..
                 
     ശരിക്കും സന്തോഷകരമായ യാത്ര. എപ്പോഴോ  ആ യാത്രയിലെ ഒരു അശുഭ നിമിഷത്തിൽ അവർക്ക് വലിയ ഒരു അപകടം സംഭവിച്ചു രാത്രിയിൽ തിരികെ വരുമ്പോൾ അവർ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. യാത്രാ ക്ഷീണവും പാര്‍ക്കിലെ ചാട്ടവും ഒക്കെ ആയപ്പോള്‍ ചെറിയ ഒരു മയക്കത്തിലായ അവള്‍ക്ക് ഇടിയുടെ ആഘാതത്തില്‍ ബോധം നഷ്ടപ്പെട്ടുപോയി .  മരിച്ചു പോയെന്നു തന്നെ ഓടി കൂടിയ ആളുകള്‍ കരുതിയത്‌ . മെഡിക്കല്‍ കോളേജില്‍ എത്തിച്ച അവരെ നോക്കാന്‍ അന്ന് ആരുമുണ്ടായിരുന്നില്ല. എല്ലാരും ഓണവധിക്ക് പോയിരിക്കുന്നു . ആകെയുണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടർ എല്ലാരെയും നോക്കി . വണ്ടി ഓടിച്ചിരുന്ന സഹോദരിയുടെ ഭര്‍ത്താവിന്റെ നെഞ്ചില്‍ സ്റ്റിയറിംഗ് വീൽ  ഇടിച്ചു കയറി . ആകെ ചതവും ഒടിവും . കാലു രണ്ടും പൊക്കി ഡാഷ്ബോര്‍ഡില്‍ വച്ചു ചാരി കിടക്കുകയായിരുന്ന സറീനയുടെ ഭര്‍ത്താവ് . ഇടിയുടെ ആഘാതത്തില്‍ ഫ്രണ്ട് ഗ്ലാസും തകർത്തു കൊണ്ട് റോഡിലേക്ക് തെറിച്ചു വീണു . സഹോദരിയുടെ കാല്‍പാദത്തിൽ വലിയ മുറിവുണ്ടായി.. സറീനയുടെ കാലിലെ ആങ്കിളിനു പൊട്ടല്‍ കൂടാതെ രണ്ടു കാലും ചതവ് . സഹോദരന് തോളെല്ലിന് പൊട്ടല്‍ . ദൈവാനുഗ്രഹം കൊണ്ട്  കുഞ്ഞുങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ല .
                                                         
                                തുടർചികിൽസയ്ക്ക് വേണ്ടി സഹോദരിയെയും , അവരുടെ ഭാത്താവിനെയും ,സറീനയുടെ ഭര്‍ത്താവിനെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍ തീരുമാനമായി . മെഡിക്കല്‍ കോളേജില്‍ യാതൊരു സംവിധാനവും ഇല്ലാത്തതിനാൽ , അവളെയും അവളുടെ സഹോദരനെയും എല്ലാരുടെയും തീരുമാനപ്രകാരം മറ്റൊരു ആശുപത്രിയിലേയ്ക്കും മാറ്റി . ഹോസ്പിറ്റലില്‍ എത്തിയ  ഉടന്‍തന്നെ അവളെ സര്‍ജറിക്ക് വിധേയയാക്കി പൊട്ടിയ കാലില്‍ നീഡില്‍ വച്ച്  കുറച്ചു ദിവസം കഴിഞ്ഞു പ്ലാസ്റ്റര്‍ ഇട്ടു വീട്ടിലേയ്ക്കയച്ചു . മൂന്നു മാസം കാല്‍ അനങ്ങാതെ ഒരേ കിടപ്പ് കിടന്നു . ഒരു മുറിയില്‍ രണ്ടു കട്ടിലില്‍ അവളും അവളുടെ സഹോദരനും എണീക്കാന്‍ പറ്റാതെ , പ്രാധമികാവശ്യങ്ങള്‍ പോലും സ്വന്തമായി ചെയ്യാന്‍ കഴിയാതെ കിടന്നു . അവളുടെ ഉപ്പയും , മൂത്ത സഹോദരനും , ബന്ധുക്കളും മാറി മാറി ആശുപത്രിയിൽ അവളുടെ ഭര്‍ത്താവിന്റെ അടുക്കലേക്ക് പോയി പരിചരിക്കുകയും ചെയ്തു പോന്നു .

             ഒരാഴ്ച കഴിഞ്ഞ് സഹോദരീ ഭര്‍ത്താവ് മരണപ്പെട്ടു . അദ്ദേഹം മരിക്കാന്‍ കാരണക്കാരി സറീനയാണെന്ന് സറീനയുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ വിധിയെഴുതി . അതുകൊണ്ട് ആരും അവളെ തിരിഞ്ഞു നോക്കിയില്ല . മരുമകന് പകരം മകനെ എടുത്തൂടായിരുന്നോ എന്നാണു മാതാപിതാക്കള്‍ പറഞ്ഞത് . വേദന ഉള്ളില്‍ ഉണ്ടങ്കിലും പുറമേ ഒന്നും കാണിക്കാതെ എപ്പോളും സന്തോഷത്തോടെ കാണുന്ന സറീനയോട് അസൂയയായിരുന്നു അവരുടെ വീട്ടിലെ മറ്റു പെണ്ണുങ്ങള്‍ക്കെല്ലാര്‍ക്കും .ഈ അവസരം  അവര്‍ ശരിക്കും മുതലാക്കി . എല്ലാവരും ഒറ്റ കെട്ടായി നിന്ന് ആ പാവത്തിനെ ഒറ്റപ്പെടുത്തി . ഇരുപത്തിനാല് മണിക്കൂറും ദൈവത്തെ മാത്രം വിളിച്ചു അവള്‍ അവളുടെ സങ്കടം പറഞ്ഞുകരഞ്ഞു .
                             
              വയ്യാതെ കിടക്കുന്ന ഭർത്താവിനെ  ഉപേക്ഷിച്ച് സറീന പോയെന്നു നാട്ടുകാരെ മൊത്തം പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരുന്നു ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ . നിരപരാധിയായ സറീനയെ അവര്‍ ശരിക്കും ക്രൂശിച്ചു . സത്യം അറിയാവുന്ന അവളുടെ ഭര്‍ത്താവ് അപ്പോള്‍ നിശബ്ദനായിരുന്നു . പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ സാധിക്കാതെ രണ്ടിടത്തായി രണ്ടു പേരും . കടുത്ത സന്തോഷം വരുമ്പോഴും കഠിനമായ ദുഖം വരുമ്പോഴും മനുഷ്യര്‍ അത് പ്രകടിപ്പിക്കുന്നത് കരച്ചിലിലൂടെയാണല്ലോ .അവള്‍ക്കും അതുമാത്രമെ കഴിയുമായിരുന്നുള്ളൂ . സ്വന്തം ദുഃഖം അവള്‍ ആരെയും കാണിക്കാതെ സ്വയം അനുഭവിച്ചു തീർത്തു. പുറമേ കാണിച്ചാല്‍ തന്നെ ആര് എന്ത് ചെയ്യാന്‍.! അസൂയ ഉള്ളവര്‍ അകമേ ചിരിക്കുകയല്ലേയുള്ളൂ .  നാം ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആളുകാണും, ദുഖിക്കുമ്പോഴോ  ആരാണ്,  ആരും ഉണ്ടാവില്ല.!
                                              
                                                              കാലിലെ പ്ലാസ്റ്റർ എടുത്തതിനു ശേഷവും അവൾക്കു നടക്കാന്‍ പറ്റുന്നില്ല . കാലുകള്‍ ചലിക്കുന്നില്ല . നേരെ നില്‍ക്കാന്‍ സാധിക്കുന്നില്ല . താൻ എഴുന്നേറ്റ് നടന്നാലേ ഭര്‍ത്താവിനെ പരിചരിക്കാൻ സാധിക്കുകയുള്ളൂ എന്ന ചിന്തയിൽ അവള്‍ എല്ലാ വേദനയും സഹിച്ച്, നടന്നു പഠിക്കുന്ന  കുട്ടിയെപ്പോലെ പിച്ചവയ്ക്കാന്‍ തുടങ്ങി . ഒരു വിധം നടക്കാന്‍ തുടങ്ങിയപ്പോള്‍ ഭര്‍ത്താവിന്റെയടുത്തേയ്ക്കു  പോയി. അവളെ കണ്ട മാത്രയില്‍ ബന്ധുക്കള്‍ എല്ലാവരും  അദ്ദേഹത്തെ കയ്യൊഴിഞ്ഞു . നന്നായി നടക്കാന്‍ പോലും സാധിക്കാത്ത അവള്‍ വേദനകള്‍ ഉള്ളിലൊതുക്കി ഭര്‍ത്താവിന്റെ എല്ലാ കാര്യങ്ങളും മുടങ്ങാതെ നോക്കി . ഒരു വശത്ത് കുത്തുവാക്കുകള്‍ മറുവശത്ത് വയ്യാതെ കിടക്കുന്ന ഭര്‍ത്താവ് . അത്രയും നാള്‍ അദ്ദേഹത്തെ പരിചരിച്ചതിനും  പണം ചിലവാക്കിയതിനും കണക്കു പറയുന്ന കൂടപ്പിറപ്പുകളെ കണ്ടു നിശ്ശബ്ദമായി കരഞ്ഞു തീര്‍ത്ത ദിവസങ്ങള്‍ . മാസങ്ങള്‍ കഴിഞ്ഞാണ് അവള്‍ അറിഞ്ഞത് അവളുടെ സ്വര്‍ണം വിറ്റ്  ഭര്‍ത്താവിന്റെ പേരില്‍ വാങ്ങിയ സ്ഥലം സഹോദരങ്ങള്‍ വിറ്റിട്ടാണ് അദ്ദേഹത്തെ ചികിത്സിച്ചതെന്ന്! . അത് അവള്‍ അറിയാതിരിക്കാന്‍ വേണ്ടി കളിച്ച നാടകമായിരുന്നു അവളെ തള്ളി പറഞ്ഞതും . അവളാണ് എല്ലാത്തിനും കാരണക്കാരി എന്ന് മുദ്രകുത്തുകയും ചെയ്തത് . 
                  
          വര്‍ഷങ്ങള്‍ പിന്നെയും കഴിഞ്ഞു ഒരു ആക്സിടെന്റില്‍ ഭര്‍ത്താവിന്റെ ഉപ്പ മരിച്ചു . അതിനും അവർ സറീനയെ കുറ്റപ്പെടുത്തിയതെന്തിനാണാവോ!
ഈശ്വര വിശ്വാസം കുറഞ്ഞു പോയത് കൊണ്ടാണ് കുഞ്ഞേ അവര്‍ അങ്ങനെ പറയുന്നത് , ദൈവം വലിയവനാണ്‌ നിനക്ക് നല്ലതേ വരൂ എന്ന് അവളെ ആശ്വസിപ്പിക്കാൻ ചില സുമനസ്സുകളെങ്കിലുമുണ്ടായി. ശരിയാണ് ദൈവം വലിയവനാണ്‌. അവരുടെ വീട്ടുകാരുടെ സ്വഭാവം അയല്‍ക്കാരും , ബന്ധുക്കളും , നാട്ടുകാരും മനസ്സിലാക്കി . അവളെ അന്ന് കുറ്റം പറഞ്ഞവര്‍ തന്നെ  പിന്നീട് സത്യാവസ്ഥയറിഞ്ഞ് സ്വയം തിരുത്തി.
                                                     പ്രിയമുള്ളവരെ, എന്നെ സങ്കടപ്പെടുത്തിയ മറ്റൊരു കാര്യം, പഠിച്ചു നടന്ന  സമയത്ത് അമ്മയും  ജോലിക്കാരും എല്ലാ കാര്യങ്ങളും വേണ്ടതു പോലെ നോക്കി, കുട്ടിത്തം മാറാതെ കളിച്ചു നടക്കുമ്പോഴാണ്  അവളുടെ വിവാഹം. ഭര്‍തൃഭവനത്തില്‍  ചെന്നപ്പോള്‍ ആദ്യം കിട്ടിയ ജോലി ,  അന്യദേശത്ത് ഭര്‍ത്താവിനോടൊപ്പം സന്തോഷത്തോടെ കഴിയുന്ന ഭർതൃസഹോദരിയുടെ ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ പരിചരണമാണ് . തന്നെക്കാളും ആറുവയസ്സുമാത്രം  ഇളയ ആ കുട്ടിയെ മകളെപ്പോലെ പരിചരിക്കുക സ്കൂളില്‍ വിടുക , കൂടെ കളിക്കുക , ഭക്ഷണം ഉണ്ടാക്കാന്‍ അറിയില്ലെങ്കിലും ചോദിച്ചു മനസ്സിലാക്കി ഉണ്ടാക്കി കൊടുക്കുക . ഇങ്ങനെ പരിചരിച്ച് കുട്ടിയുടെ അമ്മയെ ഏൽപ്പിച്ചു. പിന്നീട് അവളെ കുപ്പെടുത്താനും ഒറ്റപ്പെടുത്താനുമൊക്കെ ഏറ്റവും മുന്നിലുണ്ടായിരുന്നത് ഈ പെങ്ങളായിരുന്നു എന്നതും അവൾ വേദനയോടെ  ഓർക്കുന്നു. അവരുടെ ഈ മകള്‍ക്കായിരുന്നു ഇത്തരം  അവസ്ഥ എങ്കില്‍  അവർക്കെന്തായിരിക്കും തോന്നുക.
                                              എന്റെ പ്രിയ കൂട്ടുകാരിയുടെ ദുരവസ്ഥയിൽ അവളെ ചേർത്തു നിർത്തി ആശ്വാസ വാക്കു പറയാനല്ലാതെ, എനിക്കെന്താണു ചെയ്യാനാവുക.
മനസ്സറിഞ്ഞ് ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത
എന്നെ എന്തിനു ദൈവം ഇങ്ങനെ ശിക്ഷിക്കുന്നു”!   
എന്ന അവളുടെ തേങ്ങലിന് മറുപടി പറയാനാകാതെ ഞാനും വിതുമ്പി നിൽക്കുകയാണ്..!Related Posts Plugin for WordPress, Blogger...