ഒരിക്കല്‍ കൂട്ടുകാരുടെ സംസാരത്തിന്നിടയില്‍ ഒരു കൂട്ടുകാരി പറഞ്ഞു മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ വര്‍ത്തമാനം കേള്‍ക്കാന്‍ നല്ല രസമാണെന്ന്.. നല്ല സരസമായ സംഭാഷണശൈലി ...പ്രസംഗം കേള്‍ക്കുമ്പോള്‍ സാധാരണ ഉറങ്ങുന്നവര്‍ പോലും നല്ല ഉന്മേഷത്തോടെ ഇദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിച്ചിരിക്കാറുണ്ട് ...കൂട്ടുകാരിയുടെ ഈ പുകഴ്ത്തലും,അദ്ദേഹത്തിന്റെ വിവരങ്ങളും കേട്ട അന്ന് മുതല്‍ അദ്ദേഹത്തെ ഒന്നു കാണാനും സംസാരിക്കാനും എനിക്കുണ്ടായ ആഗ്രഹം ഞാന്‍ അവളോട് തുറന്ന് പറയുകയും ചെയ്തു . വഴിയുണ്ടാക്കാം എന്നു പറഞ്ഞിരുന്നെങ്കിലും ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. ദിവസങ്ങള്‍ക്കുശേഷം ഈ സംഭവം മറക്കുകയും ചെയ്തിരുന്നു .
Y W C A യിലെ മെമ്പര്‍ ആയ എന്റെ സുഹൃത്ത് അന്ന് അവിടുത്തെ പ്രസിഡന്റ് ആയിരുന്ന പ്രൊഫസര്‍ ബേബികുട്ടി ആന്റി യോട് എന്റെ ആഗ്രഹം പറഞ്ഞു . ആന്റി അപ്രതീക്ഷിതമായി തിരുമേനിയുടെ പിറന്നാള്‍ ദിവസം എന്നെ വിളിച്ചു . കൂടെ പോന്നോളൂ എന്നു പറഞ്ഞു . എനിക്ക് ആകെ ടെന്‍ഷനായി കൂട്ടുകാരിയുടെ സഹായത്തോടെതന്നെ വീട്ടില്‍ നിന്ന് പെര്‍മിഷനും വാങ്ങി ഞങ്ങള്‍ അഞ്ചുപേര്‍ അങ്ങനെ തിരുമേനിയെ കാണാന്‍ അരമനയില്‍ എത്തി .
ഉച്ച കഴിഞ്ഞ് അവിടെ എത്തിയ ഞങ്ങളെ വളരെ സന്തോഷത്തോടെ അദ്ദേഹം സ്വാഗതംചെയ്തു . വളരെനേരത്തെ അനര്‍ഗളമായ സംസാരമധ്യേ അദ്ദേഹം ചോദിച്ചു നിങ്ങള്‍ എല്ലാരും ഒരേ പള്ളിക്കാരാണോ എന്ന്. ഞാന്‍ ഒരന്യജാതിക്കാരിയെന്ന് ആന്റിയില്‍ നിന്നുമറിയുമ്പോഴുണ്ടാകുന്ന പ്രതികരണമോര്‍ത്ത് ശരിക്കും ഒരു ചെറിയ ആധിയുണ്ടായിരുന്നു മനസ്സില്‍. എന്റെ ആശങ്ക അസ്ഥാനത്താക്കി വാത്സല്യപൂര്‍വ്വം ചിരിച്ചുകൊണ്ട് എന്റെ നെറുകയില്‍ കൈകള്‍ വച്ച് അനുഗ്രഹിച്ചു..! , വീണ്ടും ഏറെനേരം സംസാരിച്ചു. ആ നല്ല നിമിഷങ്ങള്‍ ഒരിക്കലും മറക്കാന്‍കഴിയുന്നില്ല..! സംസാരിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് ചെറിയ ഉറക്കത്തില്‍ ആണോ തിരുമേനി ഇരിക്കുന്നതെന്ന് എനിക്ക് തോന്നി . പിന്നീട് ആ സംശയം കൂടെ ഉള്ളവരോട് സൂചിപ്പിച്ചപ്പോള്‍ അവര്‍ പറഞ്ഞു രാവിലെ മുതല്‍ റസ്റ്റ് ഇല്ലാതെ വിസിറ്റെഴ്സിനോട് സംസാരിക്കുന്നതല്ലെ, മാത്രമല്ല ഇപ്പോള്‍ ഊണ് കഴിഞ്ഞു വന്നിരിക്കുന്നതിന്റെ ആലസ്യവുമാകാം എന്ന് . ആ മയക്കത്തിലും വിവിധ വിഷയങ്ങള്‍ ഞങ്ങള്‍ക്കുമുന്നില്‍ സംസാരിച്ചുകൊണ്ടേയിരുന്നു അദ്ദേഹം. ഏറെ സമയത്തിനുശേഷം അദ്ദേഹത്തിന്റെ അനുഗ്രഹാശിസുകള്‍ ഏറ്റുവാങ്ങി ഞങ്ങള്‍ തിരിച്ചിറങ്ങുമ്പൊള്‍ എന്റെ മനസ്സു നിറഞ്ഞിരുന്നു..!
ഇന്ന് പത്രത്തില്‍ ഈ വാര്‍ത്ത വായിക്കുമ്പോള്‍ ഞാന്‍ ശരിക്കും ആശ്ചര്യപ്പെട്ടുപോയി. മാര്‍ത്തോമാ സഭയുടെ മേല്‍സ്ഥാനത്ത് 60 വര്ഷം തികച്ച ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയോടുള്ള കുറച്ചു ചോദ്യങ്ങളും തിരുമേനിയുടെ ഉത്തരങ്ങളും ശ്രീ. സാക്കിര്‍ ഹുസൈന്‍ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ ഞാന്‍ അത്ഭുതത്തോടെ തേടിക്കൊണ്ടിരുന്ന ഉത്തരവുമുണ്ടായിരുന്നു.വളരെ സന്തോഷത്തോടെ അത് നിങ്ങളോടു പങ്കുവയ്ക്കുന്നു .
ചോദ്യം :രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ദിവസവും അനുഗ്രഹം തേടിയും , സൗഹൃദം പുതുക്കാനും , താങ്കളുടെ അടുത്ത് വരുന്നു . സന്ദര്‍ശനങ്ങളും സംഭാഷണങ്ങളും മടുപ്പിക്കാറുണ്ടോ ? ഉണ്ടെങ്കില്‍ എങ്ങിനെയാണ് അതിനെ മറികടക്കുന്നത് ?
ഉ : ആളുകള്‍ വരുമ്പോള്‍ ഞാന്‍ സംസാരിക്കുകയാവും . എന്റെ ചില വാക്കുകള്‍ കേട്ടാല്‍ അവര്‍ സംസാരിച്ചു തുടങ്ങും . പിന്നെ ഞാന്‍ ഉറങ്ങിയാല്‍ മതി . അത് അവര്‍ അറിയുകയുമില്ല . ഫാന്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതിയുടെ ഒരു ശക്തിയാണതു . ജനങ്ങളുമായി ആശയങ്ങള്‍ പങ്കിടുമ്പോള്‍ ഞാന്‍ പുതിയൊരു ലോകത്തില്‍ പ്രവേശിക്കുന്നു..!
അദ്ദേഹത്തിന്റെ വാക്കുകളും ആ വാത്സല്യവും, അനുഗ്രഹവും ഒരു കുളിരായി എന്നെയിപ്പോഴും തഴുകുന്നു.
തിരുമേനിക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ .




